നാദാപുരത്ത് നാട്ടുകാരെ ആക്രമിച്ചത് പുലി തന്നെ? വീട്ടുമുറ്റത്തൂടെ നടന്നുപോകുന്ന ദൃശ്യങ്ങൾ പുറത്ത്

Estimated read time 0 min read

കോഴിക്കോട്: നാദാപുരത്ത് വിദ്യാർത്ഥിയുൾപ്പെടെ രണ്ട് പേരെ ആക്രമിച്ചത് പുലിയാണെന്ന സംശയം ബലപ്പെടുത്തുന്ന പുതിയ ദൃശ്യങ്ങൾ പുറത്ത്. ആക്രമണത്തിന് ഇരയായ മുഹമ്മദ് സിനാന്റെ അയൽവാസിയായ ഹക്കീമിന്റെ വീട്ടുമുറ്റത്തൂടെ പുലി നടന്നുപോകുന്ന വ്യക്തമായ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ജനസാന്ദ്രതയേറിയ ഈ പ്രദേശത്ത് വന്യജീവി ആക്രമണമുണ്ടായത്. ആക്രമണത്തിൽ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വനപ്രദേശമല്ലാത്തതിനാൽ ഇവിടെ പുലിയിറങ്ങാനുള്ള സാധ്യത കുറവാണെന്നായിരുന്നു പ്രാഥമിക നിഗമനം. നാട്ടുകാർ പുലിയാണെന്ന് ഉറപ്പിച്ചു പറഞ്ഞെങ്കിലും, വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കാൽപ്പാടുകളൊന്നും കണ്ടെത്താൻ കഴിയാത്തതിനാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

നേരത്തെ മൊബൈലിൽ പകർത്തിയതെന്ന പേരിൽ പുലിയുടേതെന്ന് സംശയിക്കുന്ന ചില ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നത്. പുതിയ ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്. കാടുകളില്ലാത്ത ജനവാസ മേഖലയിൽ പുലിയിറങ്ങിയത് നാട്ടുകാരിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

+ There are no comments

Add yours