ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ശ്രീലങ്കയെ തകർത്ത് ഇന്ത്യൻ വനിതകൾക്ക് വീണ്ടും സ്വർണം; ഫൈനലിൽ 147 റൺസിന്റെ വമ്പൻ ജയം

Estimated read time 1 min read

2026 ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം. ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്കയെ 147 റൺസിന് തകർത്താണ് ഇന്ത്യൻ വനിതകൾ തുടർച്ചയായ രണ്ടാം തവണയും സ്വർണ്ണമെഡൽ സ്വന്തമാക്കിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 216 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. സ്മൃതി മന്ദാന, ഷഫാലി വർമ്മ, റിച്ച ഘോഷ് എന്നിവരുടെ മികച്ച ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. വെറും 16 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമയാണ് ലങ്കൻ ബാറ്റിംഗ് നിരയെ തകർത്തത്. ഷഫാലി വർമ്മയും ശ്രീ ചരാണിയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി മികച്ച പിന്തുണ നൽകി.

2023-ൽ ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ ഗെയിംസിലും ഫൈനലിൽ ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വർണം നേടിയിരുന്നത്. അന്ന് 19 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം.

+ There are no comments

Add yours