സൗദി അറേബ്യയുടെ സ്വന്തം ഇലക്ട്രിക് വാഹന ബ്രാൻഡായ സീറിന്റെ (CEER) ആദ്യ മോഡലുകൾ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പുറത്തിറക്കി. രാജ്യത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ‘വിഷൻ 2030’ പദ്ധതിയുടെ ഭാഗമായി ആഭ്യന്തര വാഹന നിർമ്മാണ മേഖലയെ (Automotive Manufacturing Industry) ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഇലക്ട്രിക് വാഹനങ്ങൾ (EV) അവതരിപ്പിച്ചിരിക്കുന്നത്.
സീറിന്റെ മുൻനിര മോഡലുകളായ ‘എക്സോബോട്ട്’ (Exobot) സെഡാൻ, എസ്‌യുവി വാഹനങ്ങളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. വരും അഞ്ച് വർഷത്തിനുള്ളിൽ കമ്പനി വിപണിയിലെത്തിക്കാൻ ലക്ഷ്യമിടുന്ന ഏഴ് മോഡലുകളിൽ ആദ്യത്തേതാണിത്. സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയിലുള്ള മോഡലുകളും വരും വർഷങ്ങളിൽ കമ്പനി പുറത്തിറക്കും. പൂർണ്ണമായും പ്രാദേശികമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച എക്സോബോട്ട് സീരീസ് വാഹനങ്ങൾ, സൗദി അറേബ്യയുടെ തനത് ഭൂപ്രകൃതിയിൽ നിന്നും സംസ്‌കാരത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ളതാണ്.
പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ വാഹന നിർമ്മാണ കേന്ദ്രവും, ആഗോളതലത്തിൽ സാങ്കേതികമായി ഏറെ മുന്നിലുമുള്ള സീർ (CEER) മാനുഫാക്ചറിങ്ങ് കോംപ്ലക്സിലാകും ഈ വാഹനങ്ങൾ നിർമ്മിക്കുക. സൗദി അറേബ്യയിൽ ശക്തമായ ഒരു വ്യാവസായിക ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് സീറിന്റെ ആദ്യ വാഹനങ്ങളുടെ ലോഞ്ച് എന്ന് മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി. രാജ്യത്തിന്റെ വികസനത്തിന് ഊർജ്ജം പകരാൻ ലക്ഷ്യമിട്ട് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (PIF) പിന്തുണയോടെ 2022-ലാണ് സീർ കമ്പനി രൂപീകരിച്ചത്.


+ There are no comments
Add yours