തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദമായ ഹെലികോപ്റ്റർ യാത്ര അടിയന്തര സാഹചര്യത്തിലാണെന്നും അതുകൊണ്ടാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തതെന്നും മന്ത്രി സണ്ണി ജോസഫ്. എന്നാൽ യാത്രയെക്കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങൾ തനിക്കറിയില്ലെന്നും പത്രവാർത്തകളിലൂടെയുള്ള അറിവ് മാത്രമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി ഇതുവരെ സംസാരിച്ചിട്ടില്ലെന്നും, അദ്ദേഹവുമായി ആശയവിനിമയം നടത്തിയ ശേഷം ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു. പഴയ ഹെലികോപ്റ്റർ കമ്പനിയുമായുള്ള കാര്യങ്ങൾ എല്ലാവർക്കും അറിയാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈദ്യുതി പ്രതിസന്ധി ഉടൻ തീരില്ല:
സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാൻ കഴിയില്ലെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് നിലവിൽ ആവശ്യത്തിന് ഊർജ്ജം ലഭ്യമാകുന്നില്ല. കർണാടക മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിരുന്നുവെങ്കിലും അവിടെനിന്നും വൈദ്യുതി ലഭ്യമല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. പ്രതിസന്ധി പരിഹരിക്കാനുള്ള മറ്റ് നടപടികൾ എത്രയും വേഗം പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പുതിയ ആണവനിലയങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒറ്റയ്ക്ക് തീരുമാനമെടുക്കില്ലെന്നും, വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമേ അത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകൂ എന്നും മന്ത്രി മറുപടി നൽകി. വൈദ്യുതി ഉൽപ്പാദന മേഖലയിൽ കേരളം വേണ്ടത്ര പുരോഗതി കൈവരിച്ചിട്ടില്ലെന്ന യാഥാർത്ഥ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.


+ There are no comments
Add yours