തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ ഇന്ന് അന്തിമ തീരുമാനമെടുത്തേക്കും. വിഷയത്തിൽ അന്വേഷണം നടത്താമെന്ന നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്ന് മുഖ്യമന്ത്രിയുമായി നിർണായക കൂടിക്കാഴ്ച നടത്തും. നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമോ അതോ പ്രാഥമിക അന്വേഷണം മതിയോ എന്ന കാര്യത്തിലാകും ഇരുനേതാക്കളും തീരുമാനമെടുക്കുക. കേസിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടാനും സാധ്യതയുണ്ട്.
ഇ.ഡി റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടും നടപടികൾ വൈകുന്നതിൽ നേരത്തെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ആവശ്യമായ തെളിവുകൾ ഇ.ഡി റിപ്പോർട്ടിലുണ്ടെന്നാണ് പുതിയ നിയമോപദേശം. അന്വേഷണ രീതി സർക്കാരിന് തീരുമാനിക്കാമെന്നും, പഴയ റിപ്പോർട്ടുകളൊന്നും കേസിന് തടസ്സമാകില്ലെന്നും അഡ്വക്കേറ്റ് ജനറൽ വ്യക്തമാക്കിയിട്ടുണ്ട്.
വിജിലൻസിനെക്കൊണ്ട് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാണ് നിലവിൽ സാധ്യത കൂടുതൽ. അതേസമയം, പിണറായി വിജയനെതിരെ കേസെടുത്താലുണ്ടാകുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ആഭ്യന്തര വകുപ്പിന് മുന്നിൽ വലിയ വെല്ലുവിളിയാണ്. ഹവാല ഇടപാടുകൾ ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമോ എന്ന കാര്യത്തിലും സർക്കാർ ഉടൻ തീരുമാനമെടുക്കും.


+ There are no comments
Add yours