മാസപ്പടി, ഹവാല ഇടപാട് കത്തിൽ ഇ.ഡിയുടെ കേവല നിഗമനങ്ങള്‍ മാത്രം എന്ന് അഡ്വക്കേറ്റ് ജനറല്‍ ജാജു ബാബു സര്‍ക്കാരിനെ അറിയിച്ചു…

Estimated read time 0 min read

മാസപ്പടി, ഹവാല ഇടപാട് കത്തിൽ ഇ.ഡിയുടെ കേവല നിഗമനങ്ങള്‍ മാത്രം എന്ന് അഡ്വക്കേറ്റ് ജനറല്‍ ജാജു ബാബു സര്‍ക്കാരിനെ അറിയിച്ചു.

തിരുവനന്തപുരം: മാസപ്പടി, ഹവാല ഇടപാട് ആരോപണങ്ങളില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിനും നേരിട്ട് പങ്കുണ്ടെന്നതിന് വിശ്വാസ്യയോഗ്യമായ തെളിവുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കത്തിലില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ ജാജു ബാബു സര്‍ക്കാരിനെ അറിയിച്ചു. വ്യക്തമായ തെളിവുകള്‍ക്ക് പകരം ഇ.ഡിയുടെ കേവല നിഗമനങ്ങള്‍ മാത്രമാണ് കത്തിലുള്ളത്. അതിനാല്‍ സംസ്ഥാന പോലീസ് മേധാവിക്ക് ഇ.ഡി അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വിജിലന്‍സിന് നേരിട്ട് കേസെടുക്കാനാകില്ലെന്നാണ് നിയമോപദേശം.ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡി.ജി.പി) ടി. ആസിഫലിയുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം തിങ്കളാഴ്ച വിഷയം സംബന്ധിച്ച വിശദമായ നിയമോപദേശം സര്‍ക്കാരിന് കൈമാറുമെന്നും എ.ജി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവിനെതിരെ അടിയന്തര നടപടിയിലേക്ക് കടക്കാമെന്ന പ്രതീക്ഷയിലായിരുന്ന സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും നിയമപരമായ തടസ്സങ്ങള്‍ തിരിച്ചടിയാവുകയാണ്.സി.എം.ആര്‍.എല്‍ കമ്പനിയില്‍ നിന്ന് പിണറായി വിജയന്റെ മകള്‍ ടി. വീണ നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ അഴിമതി നിരോധന നിയമപ്രകാരം മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കണമെന്നായിരുന്നു ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ബാങ്ക് ഇടപാടുകളെല്ലാം ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് നടന്നിട്ടുള്ളതെന്നും, ഇതില്‍ ഇരു ജനപ്രതിനിധികള്‍ക്കും നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകളില്ലെന്നും എ.ജി ചൂണ്ടിക്കാട്ടി.
സി.എം.ആര്‍.എല്ലില്‍ നിന്ന് വീണ വഴി പിണറായി വിജയന്‍ 3.28 കോടി രൂപ കൈപ്പറ്റിയെന്നും, ദുബായിലേക്ക് 85 ലക്ഷം രൂപ മാറ്റിയെന്നും ഇ.ഡി കത്തില്‍ ആരോപിക്കുന്നുണ്ട്. കൂടാതെ 20.05 കോടി രൂപയുടെ ഹവാല ഇടപാടുകള്‍ നടന്നതായും ഇ.ഡി അവകാശപ്പെടുന്നു. എന്നാല്‍, ദുബായില്‍ ആരാണ് ഈ പണം കൈപ്പറ്റിയതെന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ഇ.ഡിക്ക് സാധിച്ചിട്ടില്ല.

വീണ തന്റെ ബാങ്ക് അക്കൗണ്ട് വഴി റിയാസിന്റെ കോഴിക്കോട്ടെ സുഹൃത്തുക്കള്‍ക്ക് പണം നല്‍കിയതിന്റെ രേഖകള്‍ ഇ.ഡി ഹാജരാക്കിയിട്ടുണ്ടെങ്കിലും, സ്വകാര്യ വ്യക്തികള്‍ തമ്മിലുള്ള ഈ പണമിടപാടുകളില്‍ പിണറായിയെയോ റിയാസിനെയോ കുറ്റക്കാരാക്കുന്ന തെളിവുകള്‍ ലഭ്യമല്ല. റിയാസിനെതിരെ സുഹൃത്ത് ഹസന്‍ നല്‍കിയ മൊഴിയാണ് ഇ.ഡി പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയാണ് തന്നില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയതെന്ന് ഹസന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണെന്നതും ഇ.ഡിയുടെ വാദങ്ങളുടെ മുനയൊടിക്കുന്നു.നേരത്തെ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം കോടതി തള്ളിക്കളഞ്ഞ സാഹചര്യത്തില്‍, കൃത്യമായ തെളിവുകളില്ലാതെ കേസെടുത്താല്‍ എഫ്.ഐ.ആര്‍ കോടതി റദ്ദാക്കാന്‍ സാധ്യതയേറെയാണെന്ന് എ.ജി മുന്നറിയിപ്പ് നല്‍കുന്നു. ഇത് സര്‍ക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി മാറിയേക്കും. ഇ.ഡി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവുകളും നിലവിലുണ്ട്. എ.ജിയുടെ വിശദമായ നിയമോപദേശം ലഭിച്ച ശേഷമേ കേസില്‍ പ്രാഥമിക അന്വേഷണത്തിന് എങ്കിലും ഉത്തരവിടണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കൂ.വിദേശത്തുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തിരിച്ചെത്തിയ ശേഷമായിരിക്കും വിഷയം സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുക. നിലവിലെ സാഹചര്യത്തില്‍ ഇ.ഡി നല്‍കിയ റിപ്പോര്‍ട്ടിന്റെ പേരില്‍ മാത്രം പിണറായി വിജയനെതിരെ വിജിലന്‍സ് കേസ് എടുത്തു മുന്നോട്ട് പോകുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്ന നിലപാടിലാണ് ആഭ്യന്തര വകുപ്പും. ചുരുക്കത്തില്‍, രാഷ്ട്രീയമായി പ്രതിപക്ഷ നേതാവിനെതിരെ ആയുധമാക്കാന്‍ ശ്രമിച്ച ഇ.ഡി കത്ത്, വ്യക്തമായ തെളിവുകളുടെ അഭാവം മൂലം നിയമവഴിയില്‍ സര്‍ക്കാരിന് തലവേദനയായി മാറിയിരിക്കുകയാണ്.

+ There are no comments

Add yours