ഉറക്കെ മിണ്ടുന്നവരെയും ചിരിക്കുന്നവരെയുമുൾപ്പടെ പിടികൂടാൻ നിർദേശം.

Estimated read time 1 min read

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കെതിരായ കർശനമായ നിയമങ്ങൾ നടപ്പാക്കാൻ സ്ത്രീകളെ തന്നെ ചാരപ്പണിക്ക് നിയോഗിച്ച് താലിബാൻ. ഉറക്കെ മിണ്ടുന്നവരെയും ചിരിക്കുന്നവരെയുമുൾപ്പടെ പിടികൂടാനാണ് ഇവർക്കുള്ള നിർദേശം. 2021ൽ അധികാരത്തിൽ വന്നതിന് ശേഷം വനിതകൾ വീടിന് പുറത്തിറങ്ങി തൊഴിൽ ചെയ്യുന്നതും സ്‌കൂളുകളിലും സർവകലാശാലകളിലും പഠിക്കുന്നതും താലിബാൻ വിലക്കിയിരുന്നു. എന്നാൽ പ്രൊപ്പഗേഷൻ ഓഫ് വെർച്യു ആന്റ് പ്രിവെൻഷൻ ഓഫ് വൈസ് ( എംപിവിപിവി) എന്ന സദാചാര മന്ത്രാലയത്തിനു കീഴിൽ ഇപ്പോഴും ചില വനിതകൾ ജോലി ചെയ്യുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും അടിച്ചമർത്തപ്പെടുന്ന വിഭാഗമായ അഫ്ഗാൻ സ്ത്രീകളെ നിരീക്ഷിക്കുന്ന ജോലിയാണ് ഈ ചാര വനിതകൾ ചെയ്യുന്നത്.

മറ്റ് വനിതകളെ കൈകാര്യം ചെയ്യുകയാണ് ഇവരുടെ ദൗത്യമെന്ന് മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ ബ്രിട്ടീഷ് ദിനപത്രമായ ടെലഗ്രാഫിനോട് സംസാരിക്കവേ പറഞ്ഞു. ഇൻസ്റ്റഗ്രാം പേജുകൾ നിരീക്ഷിക്കുകയും മുഖം മറയ്ക്കാതെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്ന സന്ദർഭങ്ങൾ റിപ്പോർട്ട് ചെയ്യുകയുമാണ് ഇവരുടെ ഡ്യൂട്ടി. ‘ ഇൻസ്റ്റഗ്രാം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് നിങ്ങൾക്കറിയാമല്ലോ? അവർക്ക് (സ്ത്രീകൾക്ക്) പേജുകൾ ഹൈഡ് ചെയ്യാൻ സാധിക്കും. ആരും കാണില്ല, ഇവരെ നിരീക്ഷിക്കാൻ ഞങ്ങൾക്ക് ഞങ്ങളുടെ കണ്ണുകളായി സ്ത്രീകളുണ്ട്’ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ചിലർ ഈ ജോലി ചെയ്യാൻ നിർബന്ധിതരാകുമെന്നും മറ്റു ചിലർക്ക് ഈ ജോലിയിൽ പ്രതിഫലം ലഭിക്കുമെന്നും ഉദ്യോഗസ്ഥൻ പറയുന്നു. സ്ട്രീറ്റ് പട്രോളിനായി ഈ വനിതകൾ താലിബാൻ പുരുഷ അംഗങ്ങളെ അനുഗമിക്കുകയും ചെയ്യും.

+ There are no comments

Add yours