അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘അർണബ്’ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി (Severe Cyclonic Storm) ശക്തിപ്രാപിച്ചു. നാളെ ഉച്ചയ്ക്ക് മുൻപായി കാറ്റ് ആന്ധ്രാപ്രദേശ് തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശ്, യാനം, ഒഡീഷ തീരങ്ങളിൽ അധികൃതർ കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
നിലവിൽ മണിക്കൂറിൽ 22 കിലോമീറ്റർ വേഗതയിലാണ് കാറ്റിന്റെ സഞ്ചാരം. വിശാഖപട്ടണത്ത് നിന്ന് 260 കിലോമീറ്ററും കാക്കിനടയിൽ നിന്ന് 380 കിലോമീറ്ററും അകലെയാണ് ചുഴലിക്കാറ്റിന്റെ ഇപ്പോഴത്തെ സ്ഥാനം. കാറ്റ് അതിതീവ്രമായതോടെ ആന്ധ്രാപ്രദേശിന്റെ തീരമേഖലകളിൽ അതിശക്തമായ കാറ്റും മഴയും ആരംഭിച്ചിട്ടുണ്ട്.
വലിയ നാശനഷ്ടങ്ങൾ ഒഴിവാക്കുന്നതിനായി ആന്ധ്രാപ്രദേശിലെ തീരദേശ ജില്ലകളിൽ നിന്നും 5.70 ലക്ഷം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കും. ആകെ 16 ജില്ലകളെയാണ് ചുഴലിക്കാറ്റ് സാരമായി ബാധിക്കുക. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 11 ജില്ലകളിലായി ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളെ (NDRF & SDRF) വിന്യസിച്ചിട്ടുണ്ട്. ജനങ്ങൾക്കായി 1763 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി കഴിഞ്ഞു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ആന്ധ്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടുദിവസങ്ങളിലായി 53 ട്രെയിനുകൾ റദ്ദാക്കി. യാത്രക്കാർ വിമാന വിവരങ്ങൾ വെബ്സൈറ്റിൽ പരിശോധിച്ച ശേഷം മാത്രമേ യാത്ര തിരിക്കാവൂ എന്ന് എയർ ഇന്ത്യയും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ഇന്ന് തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ നിലവിൽ പ്രത്യേക മഴ മുന്നറിയിപ്പുകളില്ല.




+ There are no comments
Add yours