മുംബൈ: ഇന്ത്യ വിട്ടുപോകണമെന്ന എഫ്.ആർ.ആർ.ഒ (FRRO) നോട്ടീസിൽ ബോളിവുഡ് നടൻ ഇമ്രാൻ ഖാന് ബോംബെ ഹൈക്കോടതിയുടെ താത്കാലിക ആശ്വാസം. ഹർജിയിൽ അന്തിമ വാദം പൂർത്തിയാകുന്നത് വരെ അദ്ദേഹത്തിന് ഇന്ത്യയിൽ തുടരാമെന്ന് കോടതി വ്യക്തമാക്കി. ഹർജിയിൽ നവംബർ രണ്ടിന് കോടതി വീണ്ടും വാദം കേൾക്കും. നാളേയ്ക്കകം രാജ്യം വിടാനായിരുന്നു അധികൃതർ നേരത്തെ അദ്ദേഹത്തിന് നിർദ്ദേശം നൽകിയിരുന്നത്.
കഴിഞ്ഞ ഒക്ടോബർ 10-ന് മുംബൈയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന സി.ജെ.പി പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് ഇമ്രാൻ ഖാന് ‘ലീവ് ഇന്ത്യ’ നോട്ടീസ് നൽകിയത്. പ്രതിഷേധ സ്ഥലത്തുനിന്ന് അദ്ദേഹത്തെ അന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട് 2025 ലംഘിച്ചെന്ന് ആരോപിച്ച് ഒക്ടോബർ 14-നാണ് നോട്ടീസ് അയച്ചത്. തുടർന്ന് ഒക്ടോബർ 17-ന് അദ്ദേഹത്തിന്റെ ഒ.സി.ഐ (OCI) കാർഡ് റദ്ദാക്കുമെന്ന മുന്നറിയിപ്പുമായി കാരണം കാണിക്കൽ നോട്ടീസും നൽകി.
എന്നാൽ, ബി.ജെ.പി നേതാവ് കിരിത് സോമയ്യ നൽകിയ പരാതിയുടെയും തെളിവുകളില്ലാത്ത എഫ്.ഐ.ആറിന്റെയും അടിസ്ഥാനത്തിലാണ് തനിക്കെതിരെ ഈ നടപടിയുണ്ടായതെന്ന് ഇമ്രാൻ ഖാന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചു. രണ്ട് വയസ്സുമുതൽ ഇന്ത്യയിൽ ജീവിക്കുന്ന തനിക്ക് യാതൊരുവിധ ക്രിമിനൽ പശ്ചാത്തലവുമില്ല. അതിനാൽ ഭരണഘടനാ വിരുദ്ധവും അന്യായവുമായ എഫ്.ആർ.ആർ.ഒ നടപടി പൂർണ്ണമായും റദ്ദാക്കണമെന്നും നാടുകടത്തൽ ഉൾപ്പെടെയുള്ള നടപടികളിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകണമെന്നുമാണ് ഇമ്രാൻ ഖാൻ ഹർജിയിലൂടെ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.




+ There are no comments
Add yours