‘പുറത്ത് കാണത്തക്ക പരിക്കുകളില്ലായിരുന്നു’; വീണാ ജോർജിനെതിരായ ആക്രമണ കേസിൽ ഡോക്ടർമാരുടെ മൊഴിയെടുത്ത് എസ്.ഐ.ടി

Estimated read time 1 min read

കണ്ണൂർ: വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി. സംഭവദിവസം വീണാ ജോർജിന്റെ ശരീരത്തിൽ പുറത്ത് കാണത്തക്ക പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഡോക്ടർമാർ അന്വേഷണ സംഘത്തിന് നൽകിയ പ്രധാന മൊഴി. ഇവരുടെ ചികിത്സയുമായി ബന്ധപ്പെട്ട പൂർണ്ണ മെഡിക്കൽ രേഖകളും എസ്.ഐ.ടി ശേഖരിച്ചിട്ടുണ്ട്.

വീണാ ജോർജിന്റെ ചികിത്സയ്ക്കായി അന്ന് രൂപീകരിച്ച 13 അംഗ മെഡിക്കൽ ബോർഡിലെ ഡോക്ടർമാരിൽ നിന്നാണ് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചത്. അന്നത്തെ ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് ഉൾപ്പെടെ സ്ഥലം മാറിപ്പോയ ഡോക്ടർമാരെ ഫോണിൽ വിളിച്ചും വിവരങ്ങൾ തേടി. പുറത്ത് മറ്റ് പരിക്കുകൾ ഇല്ലായിരുന്നെങ്കിലും, കഴുത്തിൽ നീർക്കെട്ടും രണ്ട് നാഡികൾ തള്ളിയ നിലയിലും കണ്ടതിനാലാണ് തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) പ്രവേശിപ്പിച്ച് തുടർപരിശോധനകൾ നടത്തിയതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

ചികിത്സയിലിരിക്കെ വീട്ടിൽ പോകണമെന്ന് വീണാ ജോർജ് തന്നെ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അന്ന് ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. രക്തസമ്മർദ്ദവും ശരീരവേദനയും കുറഞ്ഞതും എം.ആർ.ഐ (MRI) പരിശോധനാ റിപ്പോർട്ടും വിലയിരുത്തിയതിന് ശേഷമായിരുന്നു ഈ നടപടി. അന്നത്തെ ഈ മെഡിക്കൽ രേഖകളെല്ലാം അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 25-നാണ് കണ്ണൂരിൽ വെച്ച് വീണാ ജോർജിന് നേരെ കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധവും ആക്രമണ ശ്രമവും ഉണ്ടായത്. തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക പരിശോധനകൾ നടത്തിയ ശേഷമാണ് അന്ന് രാത്രിയോടെ വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

+ There are no comments

Add yours