‘ഷുഗർ ഫ്രീ’ എന്ന ലേബലുള്ള ബിസ്കറ്റുകളും പാനീയങ്ങളും ഉൾപ്പെടെ നിരവധി ഭക്ഷ്യവസ്തുക്കളാണ് ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നത്. പഞ്ചസാര ഇല്ലെന്ന ധാരണയിൽ പ്രമേഹ രോഗികൾ യാതൊരു പേടിയുമില്ലാതെ ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങി കഴിക്കാറുമുണ്ട്. എന്നാൽ ‘ഷുഗർ ഫ്രീ’ എന്ന ഒറ്റ ടാഗ് ഉള്ളതുകൊണ്ട് മാത്രം ഇവ പ്രമേഹ രോഗികൾക്ക് പൂർണ്ണമായും സുരക്ഷിതമാണെന്ന് കരുതാനാകുമോ? ഒരിക്കലുമില്ല എന്നതാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
ഒരു ഭക്ഷണത്തിൽ പുറത്തുനിന്ന് പഞ്ചസാര ചേർത്തിട്ടില്ല എന്ന് മാത്രമാണ് ‘ഷുഗർ ഫ്രീ’ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇതിനർത്ഥം അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കില്ല എന്നല്ല. ഇവിടെ നാം പ്രധാനമായും ശ്രദ്ധിക്കേണ്ടത് ആ ഭക്ഷണത്തിന്റെ ‘ഗ്ലൈസീമിക് ഇൻഡക്സ്’ ആണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നേരിട്ട് സ്വാധീനിക്കുന്നത് ഈ ഗ്ലൈസീമിക് ഇൻഡക്സാണ്.
ഉയർന്ന ഗ്ലൈസീമിക് ഇൻഡക്സ് ഉള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ വേഗത്തിൽ കുതിച്ചുയരും. എന്നാൽ, ഗ്ലൈസീമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങൾ പതുക്കെ മാത്രമേ പഞ്ചസാരയുടെ അളവ് കൂട്ടുകയുള്ളൂ.
വിപണിയിൽ ലഭിക്കുന്ന മിക്ക ഷുഗർ ഫ്രീ ബിസ്കറ്റുകളിലും പഞ്ചസാര ഇല്ലെങ്കിലും, അവയുടെ പ്രധാന ഘടകം മൈദയായിരിക്കും. മൈദയ്ക്ക് വളരെ ഉയർന്ന ഗ്ലൈസീമിക് ഇൻഡക്സാണുള്ളത്. അതിനാൽ മധുരമില്ലാത്ത ബിസ്കറ്റ് ആണെങ്കിൽ കൂടി, അതിലടങ്ങിയിരിക്കുന്ന മൈദ രക്തത്തിലെ ഷുഗർ ലെവൽ പെട്ടെന്ന് വർദ്ധിക്കാൻ കാരണമാകുന്നു. ചുരുക്കത്തിൽ, ‘ഷുഗർ ഫ്രീ’ എന്ന ലേബലുകൾക്ക് പിന്നിലെ ഈ അപകടം തിരിച്ചറിഞ്ഞ്, അതിലടങ്ങിയിരിക്കുന്ന മറ്റ് ചേരുവകൾ കൂടി കൃത്യമായി പരിശോധിച്ച ശേഷം മാത്രം ഇത്തരം ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ പ്രമേഹ രോഗികൾ പ്രത്യേകം ശ്രദ്ധിക്കണം.




+ There are no comments
Add yours