ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയുടെ ഫ്ലാറ്റിൽ ക്രൈംബ്രാഞ്ചിന്റെ പരിശോധന ആറര മണിക്കൂർ നീണ്ടു; ജഡ്ജിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്

Estimated read time 0 min read

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസുമായി ബന്ധപ്പെട്ട് പ്രതിയായ അഡീഷണൽ സെഷൻസ് ജഡ്ജിയുടെ ഫ്ലാറ്റിൽ ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധന ആറര മണിക്കൂർ നീണ്ടുനിന്നു. ഇന്നലെ രാത്രി 10.30ന് ആരംഭിച്ച റെയ്ഡ് ഇന്ന് പുലർച്ചെയാണ് അവസാനിച്ചത്. ഹൈക്കോടതി നിർദേശപ്രകാരം നടന്ന പരിശോധനയിൽ ഒരു ആഡംബര ഇരുചക്രവാഹനവും ചില ഡിജിറ്റൽ ഉപകരണങ്ങളും അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്.

അതിനിടെ, കേസിലെ പ്രതിയായ പതിനേഴുകാരന്റെ പിതാവായ ജഡ്ജിയെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം നാളെ ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്യും. ഇദ്ദേഹം ജഡ്ജി സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. കൂടാതെ, 17 വയസുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനൊപ്പം ജില്ലാ കോടതിയിൽ അപ്പീൽ നൽകുമെന്നും കുടുംബം അറിയിച്ചു. നിലവിലെ പൊലീസ് നടപടികളിൽ തൃപ്തിയുണ്ടെന്നും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, തന്റെ അറിവോടെയല്ല മകൻ വാഹനം ഓടിച്ചതെന്നാണ് ജഡ്ജിയുടെ വിശദീകരണം. ഹൈക്കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ തന്റെ മൊഴി ഔദ്യോഗികമായി രേഖപ്പെടുത്താൻ കഴിയില്ലെന്ന് അദ്ദേഹം പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഹൈക്കോടതി അനുമതി ലഭിച്ച ശേഷം ഇദ്ദേഹത്തെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിശദമായ മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ നീക്കം.

ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ജഡ്ജി പൊലീസ് സ്റ്റേഷനിലെത്തിയത് ജുഡീഷ്യറിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഹൈക്കോടതി അച്ചടക്ക സമിതി റിപ്പോർട്ട് പരിഗണിച്ച ശേഷം അഡീഷണൽ സെഷൻസ് ജഡ്ജിക്കെതിരെ തുടർനടപടികൾ സ്വീകരിക്കും.

+ There are no comments

Add yours