അങ്കമാലി മുതൽ പാലിയേക്കര വരെ  ടോള്‍ ഈടാക്കുന്നത് താത്കാലികമായി നിര്‍ത്തി വെയ്ക്കണമെന്ന് ബെന്നി ബെഹനാന്‍ എംപി

Estimated read time 1 min read



അങ്കമാലി മുതൽ പാലിയേക്കര വരെ ഫ്ലൈഓവറുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ ടോള്‍ ഈടാക്കുന്നത് താത്കാലികമായി നിര്‍ത്തി വെയ്ക്കണമെന്ന് ബെന്നി ബെഹനാന്‍ എംപി



പാലിയേക്കര ടോള്‍ പ്ലാസയില്‍ നിന്നുള്ള ടോള്‍ ഈടാക്കല്‍ താത്കാലികമായി നിർത്തണമെന്ന് ദേശീയപാത 544-ലെ യാത്രക്കാരുടെ കനത്ത ദുരിതം ചൂണ്ടിക്കാട്ടി, റോഡ് ഗതാഗത, ഹൈവേ മന്ത്രിയായ ശ്രീ. നിതിൻ ഗഡ്കരിക്ക് കത്തയച്ച് ബെന്നി ബെഹനാന്‍ എംപി ആവശ്യപ്പെട്ടു.
അങ്കമാലി മുതല്‍ പാലിയേക്കര വരെയുള്ള ഏകദേശം 40 കിലോമീറ്റര്‍ ദൂരത്തില്‍ ചിറങ്ങര, കൊരട്ടി, മുരിങ്ങൂര്‍, പേരാമ്പ്ര, ആമ്പല്ലൂര്‍ എന്നിവിടങ്ങളില്‍ ഫ്ലൈഓവര്‍ നിര്‍മ്മാണം നടക്കുന്നതിനാല്‍ വളരെ രൂക്ഷമായ ഗതാഗത കുരുക്കും  സമയനഷ്ടവും വരുത്തിവെക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ദേശീയപാത ഉപയോഗിക്കുന്ന തൊഴിൽ, വിദ്യാഭ്യാസ മേഖലകളിലെയും ചരക്ക് ഗതാഗത മേഖലയിലെയും നിരവധി ആളുകൾക്കും കൂടാതെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് ഒട്ടുമിക്ക ദിവസവും ഏറെ ബുദ്ധിമുട്ടാണ് നേരിടേണ്ടിവരുന്നത്.
ഈ അതിയായ ഗതാഗതക്കുരുക്ക് നിരന്തരമായി സംഭവിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, പാലിയേക്കര ടോള്‍ പ്ലാസയില്‍ നിന്നും  ടോള്‍ ഈടാക്കുന്നത് നീതിന്യായപരമല്ലെന്നും, ലഭിക്കുന്ന റോഡ് സൗകര്യത്തിന് അനുസൃതമായ ടോള്‍ മാത്രമേ ഈടാക്കാവു എന്നും ബെന്നി ബഹനാൻ എം പി പറഞ്ഞു.
ഫ്ലൈ ഓവറുകളുടെ നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് പ്രസ്തുത സ്ഥലങ്ങളിൽ സർവീസ് റോഡുകളുടെ നിർമ്മാണം പൂർത്തീകരിക്കണമെന്ന് നിരവധി തവണ നാഷണൽ ഹൈവേ അധികൃതരോടും കേന്ദ്രസർക്കാരിനോടും ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതാണ് ഫ്ലൈ ഓവറുകളുടെ നിർമ്മാണവേളയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാവാൻ കാരണമെന്ന് എംപി ചൂണ്ടിക്കാട്ടി
ഗതാഗത തടസ്സം നിരന്തരമായി  രൂക്ഷമാകുന്ന ഈ ഘട്ടത്തിൽ ഗതാഗതക്കുരുക്കിൽപ്പെട്ട് നട്ടം തിരിഞ്ഞ്  യാത്ര ചെയ്യുന്ന ‘ജനങ്ങളോടുള്ള വെല്ലുവിളിയാണ് ടോൾ ഈടാക്കൽ. അങ്കമാലി മുതൽ പാലിയേക്കര വരെ ഉള്ള യാത്രയിൽ ദേശീയപാതയുടെ യാതൊരു ആനുകൂല്യവും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതുകൊണ്ട് യാത്രക്കാർക്ക് ലഭിക്കാത്ത സാഹചര്യത്തിൽ ടോൾ പിരിവ് അടിയന്തരമായി നിർത്തലാക്കുന്നതിന് കേന്ദ്ര സർക്കാരിന്‍റെ  ഇടപെടൽ ആവശ്യമാണ് എന്ന് ബെന്നി ബെഹാനന്‍ എംപി വ്യക്തമാക്കി. ഇത് പൊതുജനങ്ങൾക്കുള്ള വലിയൊരു ആശ്വാസമായിരിക്കുമെന്നും ഇത്തരം ഇടപെടലിലൂടെ  സർക്കാരിന്‍റെ അനുഭാവം പ്രകടമാകുമെന്നും ബെന്നി ബഹനാൻ എം.പി ചൂണ്ടിക്കാട്ടി.

+ There are no comments

Add yours