തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ കണ്ണൂരിൽ നടത്തിയ പ്രസംഗത്തിനെതിരെ ഹൈക്കോടതി അഭിഭാഷകൻ പി.എം. ഷമീർ ഗവർണർക്ക് പരാതി നൽകി. രാഷ്ട്രീയ പ്രതികാരത്തിനും അക്രമത്തിനും പ്രേരണ നൽകുന്ന പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്നാണ് പരാതിയിലെ ആരോപണം. മുഖ്യമന്ത്രിക്കെതിരെ ഭരണഘടനാപരമായ നടപടികളും നിയമനടപടികളും സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് പദയാത്രയിലെ പ്രസംഗത്തിനിടെയാണ് വിവാദമായ പരാമർശമുണ്ടായത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദ്ദനങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട്, തങ്ങൾ ഒന്നും മറക്കില്ലെന്നും ചോരയ്ക്ക് പകരം ചോദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടേത് കലാപാഹ്വാനമാണെന്ന് ആരോപിച്ച് അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന് നേരത്തെ എസ്.എഫ്.ഐ ആവശ്യപ്പെട്ടിരുന്നു. ടി.ഐ. മധുസൂദനന്റെ പരാമർശത്തിന് പിന്നാലെ, മുഖ്യമന്ത്രിയുടെ ‘ചോരയ്ക്ക് പകരം ചോദിക്കും’ എന്ന പ്രസ്താവനയ്ക്കെതിരെ സി.പി.ഐ.എം നേതാവ് കെ.കെ. രാഗേഷും രംഗത്തെത്തിയിരുന്നു.




+ There are no comments
Add yours