ഇടുക്കി: മയക്കുവെടിയേറ്റതിന് പിന്നാലെ ആനയിറങ്കൽ ഡാമിലേക്ക് ഇറങ്ങിയ കാട്ടാന ചക്കക്കൊമ്പൻ ആശങ്കയുടെ നിമിഷങ്ങൾക്കൊടുവിൽ കരയിലേക്ക് തിരികെ കയറി. മയക്കുവെടി കൊണ്ട ആന വെള്ളത്തിൽ നീന്താൻ തുടങ്ങിയതോടെ ഏതുനിമിഷവും മയങ്ങിവീഴുമോ എന്ന ഭീതിയിലായിരുന്നു ദൗത്യസംഘം. വനംവകുപ്പ് ഉദ്യോഗസ്ഥർ ബോട്ടിൽ ആനയെ പിന്തുടരുന്നതിനിടെയാണ് ചക്കക്കൊമ്പൻ സ്വയം കരയിലേക്ക് കയറിയത്.
മയക്കുവെടിയേറ്റ ശേഷം അറുമുഖസാമിക്കാട് ഭാഗത്തേക്ക് കുതിച്ച ആന, അല്പസമയം ഡാം പരിസരത്ത് നിലയുറപ്പിച്ച ശേഷമാണ് വെള്ളത്തിലിറങ്ങിയത്. ആന ജലാശയത്തിലേക്ക് ഇറങ്ങാതിരിക്കാൻ ദൗത്യസംഘം പടക്കം പൊട്ടിച്ചെങ്കിലും ഫലം കണ്ടില്ല. മയക്കുവെടിയേറ്റിട്ടും ആന ഇതുവരെ മയങ്ങിയിട്ടില്ല എന്നതാണ് ഏറ്റവും നിർണായകമായ കാര്യം. ഈ സാഹചര്യത്തിൽ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചേക്കുമെന്നാണ് വിവരം.
നവംബർ 25-ന് ആരംഭിച്ച ദൗത്യത്തിന്റെ ആദ്യ ദിവസം ആനയ്ക്ക് ആദ്യ ഡോസ് മയക്കുവെടി വെച്ചെങ്കിലും പൂർണമായി മയങ്ങിയിരുന്നില്ല. തുടർന്ന് പ്രയോഗിച്ച ബൂസ്റ്റർ ഡോസ് കൃത്യമായി ഏൽക്കാതെ പോയതും, കനത്ത മഴയും കോടമഞ്ഞും പ്രതികൂലമായതോടെ അന്നത്തെ ദൗത്യം നിർത്തിവെക്കുകയായിരുന്നു. നവംബർ 26-ന് രാവിലെ ദൗത്യം പുനരാരംഭിച്ചെങ്കിലും, മയക്കുവെടി വെക്കാൻ അനുയോജ്യമായ തുറസ്സായ സ്ഥലത്തേക്ക് ആനയെ എത്തിക്കാൻ സാധിച്ചില്ല.
നവംബർ 27-ന് മൂന്നാം ദിവസത്തിലേക്ക് കടന്ന ദൗത്യത്തിന്, ആന ജലാശയത്തിന് സമീപമുള്ള നടുത്തുരുത്തി, 301 കോളനി ഭാഗങ്ങളിലേക്ക് നീങ്ങിയതും ഒപ്പം പിടിയാനയും കുഞ്ഞും എത്തിയതും വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. വിക്രം, ഭരത് എന്നീ രണ്ട് കുങ്കിയാനകളുടെയും 140-ഓളം വരുന്ന ദൗത്യസംഘത്തിന്റെയും സഹായത്തോടെയാണ് മിഷൻ ചക്കക്കൊമ്പൻ പുരോഗമിക്കുന്നത്.




+ There are no comments
Add yours