ജഡ്ജിക്കെതിരായ പരാമർശം: ടി.ഐ. മധുസൂദനനെതിരെ കേസെടുക്കാൻ പോലീസ് നീക്കം; പ്രസംഗത്തിന്റെ റിപ്പോർട്ട് ഉടൻ കോടതിക്ക് കൈമാറും

Estimated read time 0 min read

കണ്ണൂർ: ധനരാജ് വധക്കേസ് പരിഗണിച്ച തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജിക്കെതിരെ സി.പി.ഐ.എം നേതാവ് ടി.ഐ. മധുസൂദനൻ നടത്തിയ പരാമർശങ്ങളിൽ കേസെടുക്കാൻ പോലീസ് നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി പ്രസംഗത്തിന്റെ ഉള്ളടക്കം സംബന്ധിച്ച സമഗ്ര റിപ്പോർട്ട് പോലീസ് ഉടൻ കോടതിക്ക് കൈമാറും. കോടതിയുടെ നിർദ്ദേശാനുസരണം തുടർനടപടികൾ സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.

നിലവിൽ കൊലവിളി പ്രസംഗത്തിന്റെ പേരിൽ കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് മധുസൂദനനെതിരെ കേസെടുത്തിരിക്കുന്നത്. ഈ കേസിൽ അദ്ദേഹത്തെ ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമെ, മധുസൂദനന്റെ പ്രസംഗം പ്രകോപനപരമായ പരാമർശങ്ങളോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചവർക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം, ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തെ സി.പി.ഐ.എം തള്ളിപ്പറഞ്ഞിരുന്നു. കൊലയ്ക്ക് പകരം കൊല എന്നത് പാർട്ടി അംഗീകരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. പ്രസംഗത്തിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ വിമർശനം ശക്തമായതോടെയാണ് നേതൃത്വം നിലപാട് വ്യക്തമാക്കാൻ നിർബന്ധിതമായത്. മുഖ്യമന്ത്രിയുടെ കണ്ണൂർ പ്രസംഗം ഉയർത്തിക്കാട്ടി വിവാദത്തെ പ്രതിരോധിക്കാനാണ് പാർട്ടിയുടെ ശ്രമം. കൊലവിളിയും അതിന്റെ മഹത്വം പറയുന്നതുമല്ല രാഷ്ട്രീയമെന്നായിരുന്നു വിഷയത്തിൽ സി.പി.ഐയുടെ പ്രതികരണം.

+ There are no comments

Add yours