മണ്ഡല പുനർനിർണയ ബിൽ: ഇന്ത്യാ സഖ്യത്തിന്റെ നിർണായക യോഗം ഇന്ന്; എൻ.സി.പി വിട്ടുനിൽക്കും

Estimated read time 1 min read

ന്യൂഡൽഹി: പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്ത്യാ സഖ്യത്തിന്റെ നിർണായക യോഗം ഇന്ന് ചേരും. രാവിലെ 11.30-ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് യോഗം. മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.

എന്നാൽ, എൻ.സി.പി ശരദ് പവാർ പക്ഷം ബില്ലിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയതോടെ സുപ്രിയ സുലെ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും. അതേസമയം, ഇന്ത്യാ സഖ്യത്തിൽ നിന്ന് പുറത്തുപോയ ഡി.എം.കെയെ അനുനയിപ്പിക്കാൻ തൃണമൂൽ കോൺഗ്രസിനെ (ടി.എം.സി) യോഗം ചുമതലപ്പെടുത്തിയേക്കുമെന്നാണ് വിവരം.

മണ്ഡല പുനർനിർണയ ഭേദഗതി ബില്ലിന്റെ പകർപ്പ് എം.പിമാർക്ക് വിതരണം ചെയ്തു. ലോക്സഭയിൽ നിലവിലുള്ള ബിൽ പിൻവലിച്ച് പുതിയ ബിൽ നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ അവതരിപ്പിക്കും. വനിതാ സംവരണം ഉടൻ നടപ്പാക്കുന്നതിനായാണ് ഡീലിമിറ്റേഷൻ ബിൽ കൊണ്ടുവരുന്നത്.

ലോക്സഭയിലും നിയമസഭകളിലും സീറ്റുകൾ 50 ശതമാനം വർദ്ധിപ്പിക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. മണ്ഡല പുനർനിർണയത്തിനായി സുപ്രീം കോടതി ജഡ്ജി അധ്യക്ഷനായ പുതിയ കമ്മീഷൻ രൂപീകരിക്കും. സംസ്ഥാന നിയമസഭകളിലെ പരമാവധി അംഗസംഖ്യ 650 ആയി ഉയർത്തും. ആകെ സീറ്റുകളിൽ മൂന്നിലൊന്ന് വനിതകൾക്കായി സംവരണം ചെയ്യുമെന്നും, ഇതിൽ പട്ടികജാതി-പട്ടികവർഗ (SC/ST) വനിതകളെയും ഉൾപ്പെടുത്തുമെന്നും ബില്ലിലെ പ്രധാന വ്യവസ്ഥകളിൽ പറയുന്നു.

+ There are no comments

Add yours