ലോക്‌സഭാ സീറ്റുകൾ 50ശതമാനം വർധിപ്പിക്കും; കേരളത്തിന് 20ൽ നിന്ന് 30 സീറ്റുകൾ; മണ്ഡല പുനർനിർണയ ബില്ലിൽ നിർണായക വ്യവസ്ഥകൾ…

Estimated read time 0 min read

ലോക്‌സഭാ സീറ്റുകൾ 50ശതമാനം വർധിപ്പിക്കും; കേരളത്തിന് 20ൽ നിന്ന് 30 സീറ്റുകൾ; മണ്ഡല പുനർനിർണയ ബില്ലിൽ നിർണായക വ്യവസ്ഥകൾ

മണ്ഡല പുനർനിർണയ ബില്ലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ളതിൽനിന്ന് 50 ശതമാനം വർധിപ്പിക്കാനാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്.

ഇതനുസരിച്ച് കേരളത്തിലെ ലോക്‌സഭാ സീറ്റുകൾ 20ൽ നിന്ന് 30 ആയി ഉയരും. ഒടുവിൽ പ്രസിദ്ധീകരിച്ച സെൻസസ് അടിസ്ഥാനമാക്കിയാകും മണ്ഡല പുനർനിർണയം നടത്തുക വനിതാ സംവരണത്തിനായി നീക്കിവയ്ക്കുന്ന മണ്ഡലങ്ങൾ റൊട്ടേഷൻ അടിസ്ഥാനത്തിൽ നിശ്ചയിക്കും. ഇതുസംബന്ധിച്ച തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷനായിരിക്കും കൈക്കൊള്ളുക. മണ്ഡല പുനർനിർണയത്തിനായി പ്രത്യേക കമ്മീഷനും രൂപീകരിക്കും. വനിതാ സംവരണ പദ്ധതി മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിച്ചാണ് നടപ്പാക്കുക

ഭരണഘടനാ ഭേദഗതി ബിൽ രണ്ടാം തവണ പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ പ്രതിപക്ഷത്തെ ഭിന്നത മുതലെടുക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്നാണ് സൂചന. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ബിൽ പാസാക്കാനാകുമെന്ന ആത്മവിശ്വാസം പ്രധാനമന്ത്രി മന്ത്രിസഭാ യോഗത്തിൽ പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നേരത്തെ ഉന്നയിച്ച ആശങ്കകൾ പരിഗണിച്ചാണ് എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ രീതിയിൽ 50 ശതമാനം സീറ്റ് വർധന നൽകാൻ കേന്ദ്രം തീരുമാനിച്ചതെന്നാണ് വിവരം. ലോക്‌സഭയിൽ ബിൽ പാസായാൽ പുതുക്കിയ അംഗബല പരിധി 2051 വരെ തുടരും.
അതേസമയം, ബില്ലിനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ എൻസിപി (എസ്പി) നിലപാട് കോൺഗ്രസിനെ ശരദ് പവാർ അറിയിച്ചതായാണ് സൂചന. പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാൻ ബില്ലിനെ പിന്തുണയ്ക്കേണ്ടതുണ്ടെന്നാണ് പവാറിന്റെ നിലപാടെന്നാണ് റിപ്പോർട്ട്. മണ്ഡല പുനർനിർണയം അനിവാര്യമാണെന്ന് എൻസിപി (എസ്പി) നേതാവ് ജിതേന്ദ്ര അവാദും നേരത്തെ വ്യക്തമാക്കിയിരുന്നു.
അതിനിടെ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും വാർത്താസമ്മേളനം നടത്തി ബില്ലിന് പിന്തുണ പ്രഖ്യാപിച്ചു. വനിതാ സംവരണ ബിൽ വലിയ പ്രതീക്ഷകൾ നൽകുന്നതാണെന്നും രാജ്യത്തെ സ്ത്രീകൾ ഇതിനെ ശക്തമായി പിന്തുണയ്ക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്കകൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും എല്ലാ സംസ്ഥാനങ്ങൾക്കും 50 ശതമാനം സീറ്റ് വർധന നൽകാമെന്ന തീരുമാനത്തിലൂടെ ഈ ആശങ്കകൾക്ക് പരിഹാരമായെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. കേരളത്തിലെ ലോക്‌സഭാ സീറ്റുകൾ 20ൽ നിന്ന് 30 ആയി ഉയരുമെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആകെ സീറ്റുകൾ 195 ആയി വർധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
മണ്ഡല പുനർനിർണയം നടപ്പാക്കിയാലും രാജ്യത്തെ ആകെ ലോക്‌സഭാ സീറ്റുകളിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വിഹിതം നിലവിലുള്ള 23.76 ശതമാനമായി തുടരുമെന്നാണ് നേതാക്കളുടെ വിശദീകരണം. മണ്ഡല പുനർനിർണയം അനിവാര്യമാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
വനിതാ സംവരണത്തെ പിന്തുണയ്ക്കാൻ രാജ്യത്തെ സ്ത്രീകൾ മുന്നോട്ടുവരണമെന്നും ചരിത്രത്തിന്റെ തെറ്റായ വശത്ത് നിലകൊള്ളുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

+ There are no comments

Add yours