ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ഇതുവരെ അറസ്റ്റിലായത് 17,424 പേർ; രജിസ്റ്റർ ചെയ്തത് 16,117 കേസുകൾ

Estimated read time 1 min read

തിരുവനന്തപുരം: ലഹരിക്കെതിരെ കേരള പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ 17,424 പേർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം 50 കേസുകളിലായി 55 പേർ കൂടി പിടിയിലായതോടെ ആകെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 16,117 ആയി ഉയർന്നു. പരിശോധനകളിൽ ഇതുവരെ 30,826.206 ഗ്രാം എം.ഡി.എം.എയും 2,110.462 കിലോഗ്രാം കഞ്ചാവും 8,261.43 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ ചെറിയ അളവിൽ (സ്മാൾ ക്വാണ്ടിറ്റി) ലഹരി കൈവശം വെച്ചതിന് 23 കേസുകളും, ഇടത്തരം അളവിൽ (മീഡിയം ക്വാണ്ടിറ്റി) കൈവശം വെച്ചതിന് അഞ്ച് കേസുകളും എൻ.ഡി.പി.എസ് ആക്ട് സെക്ഷൻ 27 പ്രകാരം 22 കേസുകളും ഉൾപ്പെടുന്നു. ഇതിന് പുറമെ കോട്പ (COTPA) നിയമപ്രകാരം 39 കേസുകളും രജിസ്റ്റർ ചെയ്തു. ഇന്നലെ പിടിയിലായവരിൽ നിന്ന് 18.910 ഗ്രാം എം.ഡി.എം.എ, 12.784 കിലോഗ്രാം കഞ്ചാവ്, 2.02 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 35 ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ഇതോടെ ഇതുവരെ നടത്തിയ ആകെ ബോധവത്കരണ ക്ലാസുകളുടെ എണ്ണം 12,626 ആയി. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആകെ 8,664 ബോധവത്കരണ പരിപാടികളും നടത്തിയിട്ടുണ്ട്.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് പോലീസ് അറിയിച്ചു.

+ There are no comments

Add yours