ശബരിമല വെർച്വൽ ക്യൂ തട്ടിപ്പ്: സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചുവിറ്റു; പിന്നിൽ അന്യസംസ്ഥാന ട്രാവൽ ഏജൻസികളെന്ന് ദേവസ്വം വിജിലൻസ്

Estimated read time 1 min read

തിരുവനന്തപുരം: ശബരിമല വെർച്വൽ ക്യൂ സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചുവിറ്റതായി ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. അന്യസംസ്ഥാനങ്ങളിലെ വൻകിട ട്രാവൽ ഏജൻസികളാണ് തട്ടിപ്പിന് പിന്നിലെന്നും, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കാണ് സ്ലോട്ടുകൾ വിറ്റതെന്നും അന്വേഷണത്തിൽ വ്യക്തമായി. സോഫ്റ്റ്‌വെയറിലെ സുരക്ഷാ പിഴവ് മുതലെടുത്ത് ഒറ്റ മൊബൈൽ നമ്പറിൽ നിന്ന് നിരവധി ബുക്കിങ്ങുകൾ നടത്തുകയായിരുന്നു. ഒ.ടി.പി (OTP) പരിശോധന ഇല്ലാതിരുന്നതാണ് തട്ടിപ്പിന് വഴിയൊരുക്കിയത്.

ബുക്കിങ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ സ്ലോട്ടുകൾ തീർന്നതോടെ പണം നൽകി ട്രാവൽ ഏജൻസികളെ സമീപിക്കാൻ തീർത്ഥാടകർ നിർബന്ധിതരായി. കൂട്ടത്തോടെ നടത്തിയ ബുക്കിങ്ങുകൾ പിന്നീട് റദ്ദാക്കിയതാണ് തീർത്ഥാടനത്തിന്റെ ആദ്യ ദിവസങ്ങളിൽ ഭക്തരുടെ എണ്ണത്തിലുണ്ടായ കുറവിന് കാരണമായതെന്നാണ് വിജിലൻസിന്റെ നിഗമനം.

സംഭവത്തിൽ സൈബർ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. തട്ടിപ്പിൽ ഉൾപ്പെട്ട ട്രാവൽ ഏജൻസികളെ ഉടൻ ചോദ്യം ചെയ്യും. തട്ടിപ്പ് തടയുന്നതിനായി ഇതിനോടകം ഒ.ടി.പി അധിഷ്ഠിത ബുക്കിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത തീർത്ഥാടന കാലത്തിന് മുമ്പ് സോഫ്റ്റ്‌വെയർ പൂർണ്ണമായി പരിഷ്കരിക്കാനും തീരുമാനമായി.

അതേസമയം, ശബരിമലയിലെ ദിവസേനയുള്ള ദർശന പരിധി 80,000-ത്തിൽ നിന്ന് 90,000 ആയി ഉയർത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ഇതിനായി ദേവസ്വം കമ്മീഷണർ മുഖേന ഹൈക്കോടതിയെ സമീപിക്കും. ഇതിന് പുറമെ, പന്തളത്ത് പുതിയ സ്പോട്ട് ബുക്കിങ് കൗണ്ടർ ആരംഭിക്കാനും വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. റദ്ദാക്കുന്ന സ്ലോട്ടുകൾ വീണ്ടും ലഭ്യമാക്കുന്നതിനുള്ള സമയപരിധിയും ബോർഡ് പുനഃപരിശോധിക്കും.

+ There are no comments

Add yours