തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും കടുത്ത ക്ഷാമമാണെന്ന് തുറന്നുപറഞ്ഞ് യുവ വനിതാ ഡോക്ടർ. രോഗികൾക്ക് ആവശ്യമായ മരുന്നുകൾ പോലും ലഭ്യമല്ലാത്ത സാഹചര്യമാണെന്നും അത്യാവശ്യ മരുന്നുകൾക്കായി മറ്റ് വാർഡുകൾ കയറിയിറങ്ങി തിരയേണ്ട അവസ്ഥയാണെന്നും ഡോക്ടർ വെളിപ്പെടുത്തി. മന്ത്രി സി.പി. ജോൺ വേദിയിലിരിക്കെയാണ് ആരോഗ്യമേഖലയിലെ പ്രതിസന്ധി തുറന്നുകാട്ടിയത്.
സർജറി വിഭാഗത്തിൽ മരുന്നുകളില്ല; ടോപ്പൊപ്ലാസ്റ്റ് ബേൺസ് ഐ.സി.യുവിൽ നിന്ന്
സർജറി വിഭാഗത്തിൽ അത്യാവശ്യമായി വേണ്ട മ്യൂപ്പിറോസിൻ ഓയിന്റ്മെന്റ്, ടോപ്പൊപ്ലാസ്റ്റ് തുടങ്ങിയവയ്ക്ക് കടുത്ത ക്ഷാമമാണെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടി. രോഗിക്ക് ട്യൂബ് ഇടുന്നതിനിടയിലാണ് ടോപ്പൊപ്ലാസ്റ്റ് തീർന്നുപോയ വിവരം നഴ്‌സ് അറിയിച്ചത്. തുടർന്ന് ബേൺസ് ഐ.സി.യു പോലുള്ള വിഭാഗങ്ങളിൽ നിന്ന് ടോപ്പൊപ്ലാസ്റ്റ് മുറിച്ചെടുത്ത് കൊണ്ടുവരേണ്ട ഗതികേടുണ്ടായി. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന സമയത്തായിരിക്കും പാന്റോപ് പോലുള്ള സാധാരണ മരുന്നുകൾ പോലും സ്റ്റോക്കില്ലെന്ന വിവരം അറിയുന്നതെന്നും അവർ പറഞ്ഞു.
പരിശോധനാ സംവിധാനങ്ങളിലും ഗുരുതര വീഴ്ച
മരുന്നുകളുടെ ക്ഷാമത്തിന് പുറമെ ലാബ് പരിശോധനാ സംവിധാനങ്ങളിലും ഗുരുതര പ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർ വ്യക്തമാക്കി. ഒ.ടി, പി.ടി തുടങ്ങിയ പരിശോധനകളുടെ റിപ്പോർട്ടുകൾ കൃത്യസമയത്ത് ലഭിക്കുന്നില്ല. റൗണ്ട്സിന് പോകുമ്പോൾ പി.ടി റിപ്പോർട്ടിൽ ‘റിയേജന്റ് സ്റ്റോക്ക് ഔട്ട്’ (Reagent Stocked Out) എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് പതിവ് കാഴ്ചയാണ്. ആവശ്യമായ റീഏജന്റുകൾ ഇല്ലാത്തതിനാൽ പരിശോധനകൾ മുടങ്ങുകയാണെന്നും, ഇതിന്റെ പേരിൽ രോഗികളോടും ബന്ധുക്കളോടും മറുപടി പറയേണ്ടിവരുന്നത് ഡോക്ടർമാരാണെന്നും അവർ കൂട്ടിച്ചേർത്തു.
അടിസ്ഥാന പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണം
ഹൗസ് സർജൻമാരുടെ അടിസ്ഥാന സൗകര്യങ്ങളിലെ പരിമിതികളും ഡോക്ടർ വേദിയിൽ ഉന്നയിച്ചു. ദീർഘകാല പദ്ധതികൾ പ്രഖ്യാപിക്കുന്നതിന് പകരം ആശുപത്രികളിലെ ഇത്തരം അടിസ്ഥാന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഡോക്ടർ ആവശ്യപ്പെട്ടു.




+ There are no comments
Add yours