നേതാക്കൾക്കെതിരായ സൈബർ ആക്രമണം: പ്രതിരോധം തീർക്കാൻ കെ.സി. വേണുഗോപാൽ പക്ഷം; വി.ഡി. സതീശൻ അനുകൂല ഹാൻഡിലുകൾക്കെതിരെ ആരോപണം

Estimated read time 0 min read

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന സൈബർ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കാൻ കെ.സി. വേണുഗോപാൽ ഗ്രൂപ്പ് രംഗത്ത്. കെ.സി. വേണുഗോപാൽ, എ.പി. അനിൽകുമാർ, ജെബി മേത്തർ തുടങ്ങിയ നേതാക്കൾക്കെതിരെ ആസൂത്രിതമായ പ്രചാരണങ്ങളാണ് നടക്കുന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

മന്ത്രിസഭാ യോഗത്തിലെ ഭിന്നതയ്ക്ക് പിന്നാലെ സൈബർ പോര്

കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലുണ്ടായ ഭിന്നതയ്ക്ക് പിന്നാലെയാണ് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും റവന്യൂ മന്ത്രിയുമായ എ.പി. അനിൽകുമാർ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, കെ.സി. വേണുഗോപാൽ, ജെബി മേത്തർ എന്നിവർക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം തുടങ്ങിയത്. മുഖ്യമന്ത്രി വി.ഡി. സതീശനെ അനുകൂലിക്കുന്ന സൈബർ ഹാൻഡിലുകളിൽ നിന്നാണ് ഈ ആസൂത്രിത ആക്രമണങ്ങൾ വരുന്നതെന്നാണ് കെ.സി പക്ഷത്തിന്റെ ആരോപണം. ഇതിന് സമാനമായ രീതിയിൽ തിരിച്ചടിക്കാനും പ്രതിരോധം തീർക്കാനുമാണ് കെ.സി. വേണുഗോപാൽ അനുകൂലികളുടെ നീക്കം.

പ്രതിരോധവുമായി നേതാക്കളും രംഗത്ത്

ഇന്നലെ മുതൽ തന്നെ കെ.സി. വേണുഗോപാലിനെയും ജെബി മേത്തറിനെയും പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റുകളും വാർത്തകളും സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുണ്ട്. ഇതിന് പുറമെ, സൈബർ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് കെ.പി.സി.സി ജനറൽ സെക്രട്ടറിയും കെ.സി അനുയായിയുമായ മണക്കാട് സുരേഷ് ഇന്ന് രാവിലെ ഫേസ്ബുക്കിൽ കുറിപ്പിട്ടു. ഇത്തരത്തിലുള്ള നീക്കങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്നും, ഒരുതരത്തിലും മാന്യതയ്ക്കും അന്തസ്സിനും ചേർന്നതല്ലെന്നും അദ്ദേഹം വിമർശിച്ചു.

+ There are no comments

Add yours