മലപ്പുറത്ത് ഫെയർനെസ് ക്രീം ഉപയോഗിച്ച യുവാവിനും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; എഫ് ട്യൂൺ ക്രീമിന്റെ ഉറവിടം കാസർഗോടെന്ന് സൂചന, ഉടമയ്ക്ക് ഇന്ന് പോലീസ് നോട്ടീസ്

Estimated read time 1 min read

മലപ്പുറം: പതിനെട്ടുകാരിക്ക് പിന്നാലെ ഫെയർനെസ് ക്രീം ഉപയോഗിച്ച മറ്റൊരു യുവാവിനും മലപ്പുറത്ത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. താൻ നേരത്തെ ഉപയോഗിച്ച ക്രീം തന്നെയാണ് ഇപ്പോൾ പേര് മാറ്റി ‘ഫേസ് ട്യൂൺ’ (എഫ് ട്യൂൺ) ആയി വിപണിയിലെത്തുന്നതെന്നാണ് യുവാവിന്റെ വെളിപ്പെടുത്തൽ.

വേഗത്തിൽ ഫലം, അകത്ത് ഗുരുതര പ്രശ്നങ്ങൾ

2021-ൽ 18 വയസ്സുള്ളപ്പോഴാണ് യുവാവ് ഈ ക്രീം ഉപയോഗിച്ചത്. മുഖക്കുരു അടക്കമുള്ള പ്രശ്നങ്ങൾ മാറാനായി അയൽവാസിയുടെ നിർദ്ദേശപ്രകാരമാണ് ക്രീം വാങ്ങിയത്. ഉപയോഗിച്ച സമയത്ത് നല്ല ഫലം ലഭിച്ചതോടെ മൂന്നോ നാലോ ബോട്ടിലുകൾ തുടർച്ചയായി ഉപയോഗിച്ചു. എന്നാൽ, മൂന്ന് മാസം പിന്നിട്ടതോടെ കടുത്ത ക്ഷീണം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ പ്രകടമായി തുടങ്ങി.

മലപ്പുറത്തെ വിവിധ സ്വകാര്യ ആശുപത്രികളിൽ നടത്തിയ പരിശോധനയിൽ ശരീരത്തിൽ നിന്ന് പ്രോട്ടീൻ മൂത്രം വഴി പുറത്തുപോകുന്നതായി ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് ഒന്നര വർഷത്തോളം ചികിത്സ തേടേണ്ടി വന്നു. മുഖത്തെ പ്രശ്നങ്ങൾ മാറുമ്പോൾ ശരീരത്തിനുള്ളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയാണെന്നും യുവാവ് പറഞ്ഞു.

ഉറവിടം കാസർഗോടെന്ന് സൂചന; ഉടമയ്ക്ക് ഇന്ന് നോട്ടീസ്

അതിനിടെ, മലപ്പുറത്ത് 18-കാരിക്ക് ഗുരുതര വൃക്കരോഗം ബാധിക്കാൻ കാരണമായ എഫ് ട്യൂൺ ഫെയർനെസ് ക്രീമിന്റെ ഉറവിടം കാസർഗോഡാണെന്ന് സൂചന. കമ്പനിയുടെ കസ്റ്റമർ കെയർ മൊബൈൽ നമ്പർ പ്രവർത്തിക്കുന്നത് കാസർഗോഡാണ്. കാസർഗോഡ് സ്വദേശിനിയായ ഒരു സ്ത്രീയുടെ പേരിലാണ് ഈ നമ്പർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നമ്പറിന്റെ ഉടമയ്ക്ക് പോലീസ് ഇന്ന് നോട്ടീസ് നൽകും.

ഡ്രഗ്‌സ് കൺട്രോൾ റിപ്പോർട്ട് ഉടൻ; വ്ലോഗർമാരും അന്വേഷണപരിധിയിൽ

ഫേസ് ട്യൂൺ ക്രീമിന്റെ ഉപയോഗം മൂലം പെൺകുട്ടിക്ക് വൃക്കരോഗം ബാധിച്ച സംഭവത്തിൽ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം ഉടൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. ഇന്നലെ പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ സംഘം, ചികിത്സിച്ച ആശുപത്രിയിൽ നിന്നുള്ള വിവരങ്ങളും ശേഖരിച്ചിരുന്നു. സംഭവത്തിൽ അരീക്കോട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. വ്യാജ ക്രീം പ്രൊമോട്ട് ചെയ്ത വ്ലോഗർമാരും പോലീസിന്റെ അന്വേഷണപരിധിയിലുണ്ട്.

+ There are no comments

Add yours