‘ഷാഫി എ ഗ്രൂപ്പെങ്കിൽ അത് എട്ടാമത്തെ അത്ഭുതം, സൈബർ ആക്രമണം അടൂരിൽ നിന്ന്’; രാഹുൽ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിലിനുമെതിരെ തുറന്നടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

Estimated read time 1 min read

കാസർഗോഡ്: തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജ ഐ.ഡികൾ വഴി ആസൂത്രിതമായ സൈബർ ആക്രമണം വർദ്ധിക്കുകയാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ആക്രമണം നടക്കുന്നത് അടൂർ കേന്ദ്രീകരിച്ചാണെന്നും ആരോപണം ഉന്നയിക്കുന്നവർ ആരാണെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങൾ തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കാൻ തയ്യാറാണെന്നും ഉണ്ണിത്താൻ വെല്ലുവിളിച്ചു.

ഷാഫി പറമ്പിലിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ചു

ഷാഫി പറമ്പിൽ എ ഗ്രൂപ്പാണെന്ന് പറഞ്ഞാൽ അത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പരിഹസിച്ചു. താൻ ഷാഫി പറമ്പിലിനെ ആക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം എ ഗ്രൂപ്പല്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും വ്യക്തമാക്കിയ ഉണ്ണിത്താൻ, ഷാഫിയെ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു.

ഉമ്മൻ ചാണ്ടിയെ വേട്ടയാടിയപ്പോൾ കൂടെ ആരുമുണ്ടായിരുന്നില്ല. ആക്രമണം ഉണ്ടായപ്പോൾ പ്രതിച്ഛായ ഭയന്ന് തലയിൽ മുണ്ടിട്ട് ഓടിയൊളിച്ചവരാണ് ഇപ്പോൾ ‘ഉമ്മൻ ചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്സ്’ പറയുന്നത്. അന്ന് ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ താനും ടി. സിദ്ദിഖും മാത്രമാണുണ്ടായിരുന്നത്. അതിന്റെ പേരിൽ താൻ ഒരു ആനുകൂല്യവും പറ്റിയിട്ടില്ല. ഉമ്മൻ ചാണ്ടി ആശുപത്രിയിൽ കിടന്നപ്പോൾ യൂത്ത് കോൺഗ്രസ് പ്രസിഡന്റാകുന്നതിന് നൽകിയ കുറിപ്പടി കീറിയെറിഞ്ഞാണ് അടൂർക്കാരനെ പ്രസിഡന്റാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

പനമ്പിള്ളി നഗറിലെ ഫ്ലാറ്റും ’20-20′ വണ്ടിയും: മുന്നറിയിപ്പുമായി ഉണ്ണിത്താൻ

അനാവശ്യമായി തന്നെ പ്രകോപിപ്പിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയ ഉണ്ണിത്താൻ, ചില സൂചനകളും പുറത്തുവിട്ടു. “പനമ്പിള്ളി നഗറിലെ ഫ്ലാറ്റ്, 20-20 എന്ന വണ്ടി നമ്പർ എന്നിവ ക്ലൂ ആയി തരാം. എല്ലാം എന്റെ ഡയറിയിൽ കുറിച്ചുവെച്ചിട്ടുണ്ട്. വിനാശകാലേ വിപരീത ബുദ്ധി എന്ന് മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ. ആവശ്യം വന്നാൽ എല്ലാം തുറന്നുപറയും. അത് ചിലരുടെ മാന്യതയുടെ മുഖംമൂടി വലിച്ചുകീറുന്നതാകും. അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവർ ഈ പാർട്ടിയിലുണ്ട്,” അദ്ദേഹം പറഞ്ഞു.

അപ്രിയ സത്യങ്ങൾ തുറന്നുപറഞ്ഞുകൊണ്ടേയിരിക്കും

തന്റെ മകൻ ബി.ജെ.പിയിൽ പോയിട്ടില്ലെന്നും, ഈ പാർട്ടിയിൽ നിന്ന് എല്ലാം നേടിയവരുടെ മക്കളാണ് ബി.ജെ.പിയിൽ പോയതെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി. വി.ഡി. സതീശൻ മുഖ്യമന്ത്രിയായത് ഇപ്പോഴല്ലേയെന്നും, തന്നെ പ്ലാനറ്റോറിയത്തിൽ വെച്ച് ആക്രമിച്ചത് സതീശൻ പറഞ്ഞിട്ടല്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. പിന്തുണയുണ്ടെങ്കിലും ഇല്ലെങ്കിലും അപ്രിയ സത്യങ്ങൾ തുറന്നുപറഞ്ഞുകൊണ്ടേയിരിക്കും.

കെ. കരുണാകരനും ഉമ്മൻ ചാണ്ടിക്കുമൊപ്പം നിലകൊണ്ടത് സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല. എം.പിയാകുമെന്ന് പോലും പ്രതീക്ഷിച്ചിരുന്നില്ല. കാസർഗോഡ് അഡീഷണൽ പ്രോസിക്യൂട്ടർ നിയമനത്തിൽ പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, വിദ്യാധരൻ നമ്പ്യാർ കോൺഗ്രസ് കുടുംബത്തിലെ അംഗമാണെന്നും തനിക്ക് വേണ്ടി ബൂത്തിൽ ഇരുന്നയാളാണെന്നുമാണ് താൻ പറഞ്ഞതെന്നും കൂട്ടിച്ചേർത്തു.

+ There are no comments

Add yours