യു.ഡി.എഫിൽ അവഗണന: ചർച്ചകൾ ലീഗുമായി മാത്രമെന്ന് ഘടകകക്ഷികൾ; പരസ്യപ്രതികരണങ്ങൾക്കെതിരെ മുന്നറിയിപ്പുമായി മുസ്‌ലിം ലീഗ്

Estimated read time 0 min read

തിരുവനന്തപുരം: യു.ഡി.എഫിൽ തങ്ങളെ അവഗണിക്കുന്നുവെന്ന പരാതിയുമായി ഘടകകക്ഷികൾ രംഗത്ത്. കോൺഗ്രസ് നേതൃത്വം മുസ്‌ലിം ലീഗുമായി മാത്രമാണ് ചർച്ചകൾ നടത്തുന്നതെന്നും, കേരള കോൺഗ്രസുമായും ആർ.എസ്.പിയുമായും ഉഭയകക്ഷി ചർച്ചകൾ പോലും നടത്തുന്നില്ലെന്നുമാണ് പ്രധാന ആക്ഷേപം. മുന്നണി 100 സീറ്റ് കടന്നത് ലീഗിന്റെ വോട്ടുകൾ കൊണ്ട് മാത്രമല്ലെന്ന് കോൺഗ്രസ് ഓർമ്മിക്കണമെന്നും ഘടകകക്ഷി നേതാക്കൾ തുറന്നടിച്ചു. ബോർഡ്, കോർപ്പറേഷൻ നിയമനങ്ങളിലും തങ്ങൾക്ക് അർഹമായ പ്രാധാന്യം ലഭിച്ചില്ലെന്ന് ഇവർ പരാതിപ്പെടുന്നു.

യു.ഡി.എഫ് യോഗം കൃത്യമായി ചേരാത്തതിലും ബോർഡ്, കോർപ്പറേഷൻ വിഭജനം വൈകുന്നതിലും ആർ.എസ്.പി കഴിഞ്ഞ ദിവസം കോൺഗ്രസിനെതിരെ കടുത്ത വിമർശനമുന്നയിച്ചിരുന്നു. മന്ത്രിസഭയെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങൾ നിർഭാഗ്യകരമാണെന്നും, പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തരമായി യു.ഡി.എഫ് യോഗം വിളിക്കണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. നയപരമായ കാര്യങ്ങൾ മുന്നണി വേദിയിൽ ജനാധിപത്യപരമായി ചർച്ച ചെയ്യണം. ക്യാബിനറ്റ് പദവിയുള്ളവരുടെ എണ്ണം വ്യാപകമായി വർദ്ധിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും, അത്തരത്തിൽ വർദ്ധിപ്പിക്കുകയാണെങ്കിൽ എ.എ. അസീസിനും ക്യാബിനറ്റ് പദവി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, കോൺഗ്രസിലെ ഗ്രൂപ്പ് പോരും മന്ത്രിസഭയിലെ തർക്കങ്ങളും രൂക്ഷമാകുന്നതിനിടെ മുന്നറിയിപ്പുമായി മുസ്‌ലിം ലീഗും രംഗത്തെത്തിയിട്ടുണ്ട്. മികച്ച ഭരണം പ്രതീക്ഷിച്ച് അധികാരത്തിലേറ്റിയ ജനങ്ങളെ മറക്കരുതെന്ന് ലീഗ് നേതാവ് പി.എം.എ. സലാം ഓർമ്മിപ്പിച്ചു. നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾ സർക്കാരിനും മുന്നണിക്കും ഒരുപോലെ അവമതിപ്പുണ്ടാക്കുന്നു എന്ന പൊതുവികാരം ശക്തമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഇടപെടൽ. സർക്കാരിന്റെ പ്രവർത്തനം പരിശോധിക്കാൻ സമയമായിട്ടില്ലെന്നും ലീഗ് വ്യക്തമാക്കി.

+ There are no comments

Add yours