തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തന ശൈലിക്കെതിരെ ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ രൂക്ഷവിമർശനം. തീരുമാനങ്ങളെടുക്കുന്നതിൽ മുഖ്യമന്ത്രി പുലർത്തുന്ന അപ്രമാദിത്വം ഒട്ടും ആശാസ്യമല്ലെന്നും, ശൈലിയിൽ അടിയന്തര തിരുത്തൽ വേണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ഈ രീതി തുടർന്നാൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് തുല്യമാണെന്ന് ജനം വിലയിരുത്തുമെന്നും, ഒറ്റയ്ക്ക് തീരുമാനങ്ങളെടുത്ത് മുന്നോട്ടുപോകാൻ പാടില്ലെന്നും സെക്രട്ടേറിയറ്റ് വിമർശിച്ചു.
പ്രവർത്തനങ്ങൾക്ക് അഭിനന്ദനം, ശൈലിയിൽ മുന്നറിയിപ്പ്
ആറുമാസത്തെ ഭരണകാലയളവിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. നൂതനമായ (ഇന്നൊവേറ്റീവ്) പല ആശയങ്ങളും മുന്നോട്ടുവെക്കാനും, സർക്കാരിനും മന്ത്രിസഭയ്ക്കും ഒരു മാനുഷിക മുഖവും കരുതലിന്റെ സ്പർശവും നൽകാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
എന്നാൽ, മുഖ്യമന്ത്രി എന്ന നിലയിലുള്ള പ്രവർത്തനങ്ങളെ അഭിനന്ദിക്കുമ്പോഴും, തീരുമാനങ്ങളെടുക്കുന്ന കാര്യത്തിൽ അദ്ദേഹം പുലർത്തുന്ന ഏകപക്ഷീയമായ ശൈലിക്കെതിരെയാണ് കടുത്ത വിമർശനം ഉയർന്നത്. ഈ ശൈലി തിരുത്താതെ മുന്നോട്ടുപോയാൽ അത് സർക്കാരിനും യു.ഡി.എഫ് മുന്നണിക്കും ഒരുപോലെ ദോഷകരമാകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
ഘടകകക്ഷികളിലും അതൃപ്തി ശക്തം
മുഖ്യമന്ത്രി ശൈലി തിരുത്തണമെന്ന ആവശ്യം കോൺഗ്രസിനുള്ളിൽ നിന്ന് മാത്രമല്ല, മറ്റ് ഘടകകക്ഷികളുടെ പാർട്ടി യോഗങ്ങളിലും ശക്തമായി ഉയരുന്നുണ്ട്. ഭരണമികവിനെ അംഗീകരിക്കുമ്പോഴും, മുന്നണി മര്യാദകൾ പാലിച്ചും കൂടിയാലോചനകൾ നടത്തിയും വേണം പ്രധാന തീരുമാനങ്ങളെടുക്കാനെന്ന നിലപാടാണ് ഘടകകക്ഷികൾക്കുള്ളത്.




+ There are no comments
Add yours