കൊച്ചി: റിസോർട്ട് വിവാദത്തിൽ പ്രതികരിക്കാൻ തയ്യാറാകാതെ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. വിഷയത്തിൽ പ്രതികരണം തേടിയ മാധ്യമപ്രവർത്തകർക്ക് നേരെ കൈകൂപ്പി ‘കാണാം’ എന്ന് മാത്രമാണ് അദ്ദേഹം മറുപടി നൽകിയത്.
പരിഹാസവുമായി പി. ജയരാജന്റെ മകൻ
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജന് റിസോർട്ട് ബന്ധമുണ്ടെന്ന് ആരോപിച്ച് ഇ.പി. ജയരാജൻ പാർട്ടിക്ക് പരാതി നൽകിയ വാർത്തയ്ക്ക് പിന്നാലെ, ആരോപണത്തെ പരിഹസിച്ച് പി. ജയരാജന്റെ മകൻ ജെയിൻ രാജ് ഇന്നലെ രംഗത്തെത്തിയിരുന്നു. “സ്വന്തമായി ‘പൂൾ’ നിർമ്മിക്കാനുള്ള ശേഷിയില്ലാത്തതുകൊണ്ട് നാട്ടിലെ അമ്പലക്കുളത്തിൽ നിന്നെടുത്ത പിക്ക്” എന്ന അടിക്കുറിപ്പോടെ സ്വന്തം ചിത്രം പങ്കുവെച്ചായിരുന്നു ജെയിൻ രാജിന്റെ പരിഹാസം.
പരാതിയിൽ ഗുരുതര ആരോപണങ്ങൾ
ഇടുക്കിയിലെ മാങ്കുളത്ത് സ്വർണ്ണക്കടത്തുകാരനുമായി ചേർന്ന് പി. ജയരാജൻ റിസോർട്ട് നടത്തുന്നുവെന്നാണ് ഇ.പി. ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിന് നൽകിയ കത്തിൽ ആരോപിക്കുന്നത്. റിസോർട്ടിന്റെ ഡയറക്ടർ ബോർഡ് യോഗത്തിൽ പി. ജയരാജൻ പങ്കെടുക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉണ്ടെന്നും, ഇക്കാര്യം ഇടുക്കി ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഇ.പി. ജയരാജൻ പരാതിയിൽ ഓർമ്മിപ്പിക്കുന്നു.
ഇതിന് പുറമെ, പി. ശശിക്കെതിരായ ആക്ഷേപങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത് പി. ജയരാജന്റെ ബുദ്ധിയാണെന്നും, സ്വർണ്ണം പൊട്ടിക്കൽ-ക്വട്ടേഷൻ സംഘങ്ങളുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്നുമുള്ള ഗുരുതര ആരോപണങ്ങളും കത്തിലുണ്ട്. നേരത്തെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് പി. ജയരാജൻ ഇ.പി. ജയരാജനെതിരെ പരാതി നൽകുകയും പാർട്ടി അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അന്വേഷണത്തിന് രണ്ടംഗ കമ്മീഷൻ
അതേസമയം, ഇ.പി. ജയരാജൻ ഉന്നയിച്ച ആരോപണങ്ങളിലും വൈദേകം റിസോർട്ട് വിവാദത്തിലും വിശദമായ അന്വേഷണം നടത്താനാണ് സി.പി.ഐ.എം തീരുമാനം. ഇതിനായി കെ.എൻ. ബാലഗോപാലിനെയും ടി.പി. രാമകൃഷ്ണനെയും അന്വേഷണ കമ്മീഷനായി പാർട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്.




+ There are no comments
Add yours