ഇറാനു മേൽ കൂടുതൽ ഉപരോധങ്ങളുമായി അമേരിക്ക; 8 പൗരന്മാർക്കും 22 സ്ഥാപനങ്ങൾക്കും വിലക്ക്

Estimated read time 1 min read

വാഷിങ്ടൺ: ഇറാന്റെ ആഗോള ‘ഷാഡോ ബാങ്കിംഗ്’ ശൃംഖലകളെ തകർക്കുന്നതിന്റെ ഭാഗമായി ഇറാനു മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി അമേരിക്ക. എട്ട് ഇറാനിയൻ പൗരന്മാർക്കും ഇറാൻ, തുർക്കി, യു.എ.ഇ, ഹോങ്കോങ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത 22 വ്യാപാര-ബിസിനസ് സ്ഥാപനങ്ങൾക്കുമെതിരെയാണ് യു.എസ് ട്രഷറി വകുപ്പ് ഉപരോധം പ്രഖ്യാപിച്ചത്.

ഇറാന്റെ സമ്പദ്‌വ്യവസ്ഥ തകർച്ചയിലാണെന്നും അവിടുത്തെ ഭരണാധികാരികൾ പരിഭ്രാന്തരാണെന്നും ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പ്രസ്താവനയിൽ വ്യക്തമാക്കി. പാപ്പരായ ഭരണകൂടത്തിന്റെ അവസാന സാമ്പത്തിക ജീവനാഡിയാണ് ഷാഡോ ബാങ്കിംഗ് സംവിധാനം. ഇത്തരം നിയമവിരുദ്ധ ശൃംഖലകളെ തകർക്കുന്ന നടപടികളുമായി ട്രഷറി വകുപ്പ് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അമേരിക്കയും ഇറാനും തമ്മിലുള്ള മറ്റൊരു സംഘർഷം താങ്ങാൻ പശ്ചിമേഷ്യയ്ക്ക് കഴിയില്ലെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി മുന്നറിയിപ്പ് നൽകി. വാഷിങ്ടണിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചർച്ചകൾ പുനരാരംഭിക്കുന്നതിനായി ഖത്തർ ഇരുരാജ്യങ്ങളുമായും സഹകരിച്ച് പ്രവർത്തിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, തങ്ങളുടെ വ്യവസ്ഥകൾ അംഗീകരിച്ചാൽ ഹോർമുസ് കടലിടുക്കിൽ ഉടനടി സുരക്ഷ പുനഃസ്ഥാപിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉപരോധങ്ങളെ ചെറുക്കാൻ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി. യുദ്ധവുമില്ല സമാധാനവുമില്ല എന്ന നിലയിൽ അമേരിക്ക സൃഷ്ടിച്ചിരിക്കുന്ന സ്തംഭനാവസ്ഥയ്ക്ക് ഉടനടി പരിഹാരം കാണണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബഫും ആവശ്യപ്പെട്ടു.

+ There are no comments

Add yours