‘തീരുമാനങ്ങൾ ഏകപക്ഷീയമാകുന്നത് ശരിയല്ല, അത് കോൺഗ്രസ് ശൈലിയല്ല’; മന്ത്രിസഭാ തർക്കത്തിൽ പ്രതികരിച്ച് സണ്ണി ജോസഫ്, മുഖ്യമന്ത്രിയെ പിന്തുണച്ച് ചെന്നിത്തല

Estimated read time 1 min read

തിരുവനന്തപുരം: മന്ത്രിസഭയിൽ മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നു എന്ന വിമർശനം പരോക്ഷമായി ശരിവെച്ച് കെ.പി.സി.സി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ്. തീരുമാനങ്ങൾ ഏകപക്ഷീയമാകുന്നത് ഒരിക്കലും ശരിയല്ലെന്നും അത് കോൺഗ്രസ് പാർട്ടിയുടെ ശൈലിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിയുന്നത്ര ആളുകളുമായി ആലോചിച്ച് തീരുമാനങ്ങളിലേക്ക് എത്തുന്നതാണ് ഉചിതമെന്നും സണ്ണി ജോസഫ് പറഞ്ഞു.

‘തർക്കങ്ങൾ ജനാധിപത്യത്തിന്റെ ഭാഗം’

ചില വിഷയങ്ങളിൽ ആലോചനകൾ നടന്നിട്ടുണ്ടെങ്കിലും, ചർച്ചകൾ പൂർണ്ണമാകാത്ത കാര്യങ്ങളുമുണ്ടെന്ന് സണ്ണി ജോസഫ് സമ്മതിച്ചു. എന്നാൽ ഇക്കാര്യത്തിൽ ഇന്നലെ ചർച്ച നടത്തി ധാരണയിലെത്തിയെന്നും തർക്കങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവരുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കണമെന്നാണ് പൊതുവായ അഭിപ്രായം. തീരുമാനങ്ങൾ ഏകപക്ഷീയമാകാതിരിക്കാനാണ് എല്ലാവരും ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയെ പിന്തുണച്ച് ചെന്നിത്തല; ചർച്ചകൾ സ്വാഭാവികമെന്ന് എം. ലിജു

അതേസമയം, മുഖ്യമന്ത്രിയെ പൂർണ്ണമായും പിന്തുണച്ചായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണെന്നും എല്ലാം ചർച്ച ചെയ്താണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ഏകപക്ഷീയ തീരുമാനവും എടുത്തിട്ടില്ല. മുഖ്യമന്ത്രി അഭിപ്രായം പറയുകയും മറ്റുള്ളവർ അത് കേട്ടിരിക്കുകയും ചെയ്യുന്ന സി.പി.ഐ.എം ശൈലിയല്ല കോൺഗ്രസിന്റേതെന്നും ചെന്നിത്തല വ്യക്തമാക്കി. തീരുമാനങ്ങളെടുക്കേണ്ട വേദിയായ മന്ത്രിസഭയിൽ ചർച്ചകൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നായിരുന്നു മന്ത്രി എം. ലിജുവിന്റെ പ്രതികരണം.

‘ഏറാൻമൂളികളായി ഇരിക്കില്ല’ – കെ.എം. ഷാജി; അനിൽകുമാറിനെതിരെ സൈബർ ആക്രമണം

പി.എസ്.സി അംഗങ്ങളുടെ പട്ടികയെച്ചൊല്ലി മന്ത്രിസഭയിൽ തർക്കമുണ്ടായെന്ന റിപ്പോർട്ടുകളോട് രൂക്ഷമായാണ് മന്ത്രി കെ.എം. ഷാജി പ്രതികരിച്ചത്. കഴിഞ്ഞ പത്ത് വർഷം കണ്ടതുപോലെ മന്ത്രിസഭയിൽ ഏറാൻമൂളികളായി ഇരിക്കുന്ന അവസ്ഥയല്ല ഇപ്പോഴത്തേതെന്ന് അദ്ദേഹം പറഞ്ഞു. സംഘടനയിൽ കാര്യങ്ങൾ ചോദിച്ചു ശീലിച്ച താൻ മന്ത്രിസഭയിലും ചോദിക്കാനുള്ളത് ചോദിക്കുമെന്നും ഷാജി വ്യക്തമാക്കി. അതിനിടെ, മന്ത്രിസഭാ യോഗത്തിലെ തർക്കങ്ങൾ പുറത്തായതിന് പിന്നാലെ മന്ത്രി എ.പി. അനിൽകുമാറിനെതിരെ സമൂഹമാധ്യമങ്ങളിൽ സൈബർ ആക്രമണം ശക്തമായി തുടരുകയാണ്.

+ There are no comments

Add yours