കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച കണ്ണൂർ അരിയിൽ ഷുക്കൂർ വധക്കേസിൽ സി.പി.ഐ.എം നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും കോടതി വെറുതെ വിട്ടു. കൊലപാതകം നടന്ന് 14 വർഷത്തിന് ശേഷമാണ് എറണാകുളം സി.ബി.ഐ പ്രത്യേക കോടതി കേസിൽ വിധി പറഞ്ഞത്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് ഉൾപ്പെടെ ആകെ 18 പ്രതികളെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.
അതേസമയം, കേസിലെ ഒന്നാം പ്രതി കെ.വി. സുമേഷ് ഉൾപ്പെടെ 13 പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്ന് കോടതി കണ്ടെത്തി. ഇവർക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മുസ്ലിം ലീഗ് നേതൃത്വവും ഷുക്കൂറിന്റെ കുടുംബവും പ്രതികരിച്ചു.
വെറുതെ വിട്ടവർ
രണ്ടാം പ്രതി ഗണേശൻ പി., നാലാം പ്രതി വിജേഷ്, അഞ്ചാം പ്രതി കെ. പ്രകാശൻ, ആറാം പ്രതി ഉമേശൻ, എട്ടാം പ്രതി ലതീഷ്, പതിനൊന്നാം പ്രതി സി.എൻ. മോഹനൻ, പതിമൂന്നാം പ്രതി നിതിൻ, പതിനേഴാം പ്രതി സുധാകരൻ, പതിനെട്ടാം പ്രതി നവീൻ, പത്തൊൻപതാം പ്രതി ശ്യാംജിത്ത്, ഇരുപത്തിയൊന്നാം പ്രതി ഷാജി, ഇരുപത്തിരണ്ടാം പ്രതി പ്രകാശൻ മുതുവാനി, ഇരുപത്തിമൂന്നാം പ്രതി എൻ.പി. അജയകുമാർ, ഇരുപത്തിനാലാം പ്രതി പി.എസ്. രാജീവൻ, ഇരുപത്തിയൊൻപതാം പ്രതി ബാബു, മുപ്പതാം പ്രതി യു.വി. വേണു, മുപ്പത്തിരണ്ടാം പ്രതി പി. ജയരാജൻ, മുപ്പത്തിമൂന്നാം പ്രതി ടി.വി. രാജേഷ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
കേസിനാസ്പദമായ സംഭവം
കണ്ണൂർ പട്ടുവത്തും അരിയിലിലും സി.പി.ഐ.എം-മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ തുടർച്ചയായ സംഘർഷങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അക്രമത്തിൽ തകർക്കപ്പെട്ട പാർട്ടി പ്രവർത്തകരുടെ വീടുകളും കടകളും സന്ദർശിക്കാനെത്തിയ സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും കല്യാശേരി എം.എൽ.എയായിരുന്ന ടി.വി. രാജേഷും സഞ്ചരിച്ച വാഹനത്തിന് നേരെ 2012 ഫെബ്രുവരി 20-ന് ഉച്ചയ്ക്ക് 12.15-ഓടെ ലീഗ്-എം.എസ്.എഫ് പ്രവർത്തകർ കല്ലെറിഞ്ഞു. പരിക്കേറ്റ നേതാക്കളെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിന് തൊട്ടുപിന്നാലെ എം.എസ്.എഫ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂർ അടക്കമുള്ളവരെ കണ്ണപുരം കീഴറയിലെ വള്ളുവൻ കടവ് വയലിൽ വെച്ച് സി.പി.ഐ.എം പ്രവർത്തകർ തടഞ്ഞുവെച്ചു. ഇവരുടെ ചിത്രം എസ്.എം.എസ് വഴി അയച്ചുനൽകി ആക്രമണം നടത്തിയവർ ഇവർ തന്നെയാണെന്ന് ഉറപ്പിച്ച ശേഷം ഷുക്കൂർ, സക്കറിയ, അയൂബ് എന്നിവരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പതിനെട്ടുകാരനായ അബ്ദുൾ ഷുക്കൂർ സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടു.
അന്വേഷണവും വിചാരണയുടെ നാൾവഴികളും
2012 മാർച്ച് 22-ന് 18 പേരെ പ്രതികളാക്കി കേരള പോലീസ് ആദ്യ കുറ്റപത്രം സമർപ്പിച്ചു. തുടർന്ന് അന്വേഷണം വിപുലീകരിച്ച് പ്രതികളുടെ എണ്ണം 34 ആക്കി ഉയർത്തി. 2012 ഓഗസ്റ്റ് ഒന്നിന് പി. ജയരാജനെ പോലീസ് അറസ്റ്റ് ചെയ്തു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ ഓഗസ്റ്റ് ഏഴിന് ടി.വി. രാജേഷ് കണ്ണൂർ കോടതിയിൽ കീഴടങ്ങി.
2016 ഏപ്രിൽ നാലിന് കേസ് ഏറ്റെടുത്ത സി.ബി.ഐ, 2019 ഫെബ്രുവരി 11-ന് തലശ്ശേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പി. ജയരാജനെ 32-ാം പ്രതിയായും ടി.വി. രാജേഷിനെ 33-ാം പ്രതിയായും ചേർത്ത് കൊലപാതക-ഗൂഢാലോചന കുറ്റങ്ങളാണ് ചുമത്തിയത്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽ വെച്ചാണ് ഗൂഢാലോചന നടന്നതെന്നായിരുന്നു സി.ബി.ഐയുടെ കണ്ടെത്തൽ.
2025 മെയ് അഞ്ചിന് എറണാകുളം സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി പി. ശബരീനാഥിന് മുമ്പാകെ വിചാരണ ആരംഭിച്ചു. ആകെ 33 പ്രതികളുണ്ടായിരുന്ന കേസിൽ രണ്ട് പേർ വിചാരണയ്ക്കിടെ മരണപ്പെട്ടതിനാൽ 31 പേരാണ് വിചാരണ നേരിട്ടത്. അതിനിടെ, സി.പി.ഐ.എം നേതാക്കളുടെ വാഹനം തടഞ്ഞുനിർത്തി വധിക്കാൻ ശ്രമിച്ചെന്ന മറുപരാതിയിൽ പ്രതികളായിരുന്ന 12 മുസ്ലിം ലീഗ് പ്രവർത്തകരെ തെളിവുകളുടെ അഭാവത്തിൽ കണ്ണൂർ അഡീഷണൽ സെഷൻസ് കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.




+ There are no comments
Add yours