മയിൽപ്പീലി സ്കോളർഷിപ്പ് വിവാദം: അന്വേഷണ റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി; നടപടി താക്കീതിലൊതുങ്ങിയേക്കും

Estimated read time 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷണ റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് കൈമാറി. മന്ത്രി റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുക. എന്നാൽ വകുപ്പുതലത്തിൽ കടുത്ത നടപടികൾക്ക് സാധ്യതയില്ലെന്നും, പിഴവ് വരുത്തിയ ജോയിന്റ് ഡയറക്ടർക്ക് താക്കീത് നൽകി വിഷയം അവസാനിപ്പിച്ചേക്കുമെന്നുമാണ് സൂചന. ‘മയിൽപ്പീലി’ എന്ന മനോഹരമായ വാക്കിന് പിന്നിലെ രാഷ്ട്രീയ അജണ്ട തിരിച്ചറിയാൻ ഉദ്യോഗസ്ഥന് കഴിഞ്ഞില്ലെന്നും, ഇത് കേവലം ഉദ്യോഗസ്ഥന്റെ പിഴവാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

വിദ്യാഭ്യാസമന്ത്രി പോലുമറിയാതെ കഴിഞ്ഞ ഒക്ടോബർ 12-നാണ് പൊതുവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടർ പരീക്ഷയ്ക്ക് അനുമതി നൽകിയത്. തുടർന്ന് വലിയ രീതിയിലുള്ള രാഷ്ട്രീയ പ്രതിഷേധങ്ങൾ ഉയർന്നതോടെ മന്ത്രി നേരിട്ടിടപെട്ട് ഈ അനുമതി റദ്ദാക്കുകയായിരുന്നു.

അതേസമയം, ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ ‘മയിൽപ്പീലി’ സംഘടിപ്പിച്ച പരീക്ഷ റദ്ദാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ ദേശീയ അധ്യാപക പരിഷത്ത് നിയമനടപടിക്കൊരുങ്ങുകയാണ്. പരീക്ഷാ ചോദ്യങ്ങളിൽ വർഗീയതയോ മറ്റ് അപാകതകളോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകാനുമാണ് സംഘടനയുടെ തീരുമാനം. മയിൽപ്പീലിക്ക് അനുമതി നൽകുന്നില്ലെങ്കിൽ സ്‌കൂളുകളിൽ മറ്റാരുടെയും പരീക്ഷകൾക്കും അനുമതി വേണ്ടെന്ന നിലപാടുമായി ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്.

+ There are no comments

Add yours