കോഴിക്കോട്: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിയതിന് ശേഷമുള്ള കഴിഞ്ഞ ആറുമാസം തികഞ്ഞ ചതിയുടെയും വഞ്ചനയുടെയും നാളുകളായിരുന്നുവെന്ന് പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. മുന്നണിക്ക് അധികാരം നൽകിയത് വലിയ അബദ്ധമായിപ്പോയെന്ന് ജനങ്ങൾക്ക് ഇതിനോടകം ബോധ്യപ്പെട്ടുകഴിഞ്ഞതായും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
മന്ത്രിസഭയിൽ യാതൊരു ഐക്യവുമില്ലെന്നും, ഭരണപരമായ കാര്യങ്ങളൊന്നും ഘടകകക്ഷി നേതാക്കൾ പോലുമറിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ബി.ജെ.പിയുടെ അജണ്ടകൾ നടപ്പിലാക്കാൻ മാത്രമാണ് വി.ഡി. സതീശൻ സർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനത്തെ ആരോഗ്യമേഖല പൂർണ്ണമായും തകർന്ന നിലയിലാണ്. ഇതിനുപുറമെ, കോഴിക്കോട് എയിംസ് വരുന്നതിനും വയനാട് തുരങ്കപ്പാത യാഥാർത്ഥ്യമാകുന്നതിനും സംസ്ഥാന സർക്കാർ ബോധപൂർവ്വം തുരങ്കം വെക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സർക്കാർ അധികാരത്തിലേറി ആറ് മാസം തികയുന്ന ദിവസം തന്നെയാണ് ഡി.സി.സി ഭാരവാഹി കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നത്. കോൺഗ്രസ് നേതാക്കൾ പണം വാങ്ങുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ക്യാമറയിൽ പതിഞ്ഞത് ഐക്യ ജനാധിപത്യ മുന്നണിയുടെ തകർന്ന ഐക്യത്തിന്റെ നേർചിത്രമാണെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.




+ There are no comments
Add yours