ഒടുവിൽ സമവായം; പി.എസ്.സിയിലെ അഞ്ച് ഒഴിവുകളിൽ നാലെണ്ണം കോൺഗ്രസിന്, ഒരെണ്ണം ലീഗിന്

Estimated read time 0 min read

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷനിലെ (പി.എസ്.സി) പുതിയ അഞ്ച് ഒഴിവുകളുടെ കാര്യത്തിൽ ഒടുവിൽ സമവായമായി. അഞ്ചിൽ നാല് ഒഴിവുകൾ കോൺഗ്രസിനും ഒരെണ്ണം മുസ്‌ലിം ലീഗിനും നൽകാൻ തീരുമാനിച്ച പട്ടികയ്ക്ക് മന്ത്രിസഭാ യോഗം ഔദ്യോഗികമായി അംഗീകാരം നൽകി. പി.എസ്.സി അംഗത്വത്തിനായി അവകാശവാദം ഉന്നയിച്ചിരുന്ന കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഇത്തവണ പ്രാതിനിധ്യമില്ല; പകരം ഇവരെ അടുത്ത തവണ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

മുസ്‌ലിം ലീഗ് പ്രതിനിധിയായി മുഹമ്മദ് ഷാഫി (ഷാഫി ചാലിയം) പി.എസ്.സി അംഗമാകും. ജീവനക്കാരുടെ പ്രതിനിധിയായി രമേശ് എം. തമ്പിയെയും നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, കോൺഗ്രസിൽ കെ.സി. വേണുഗോപാൽ പക്ഷം ആദ്യം നിർദ്ദേശിച്ച സുധാ മേനോന്റെ പേര് മുഖ്യമന്ത്രി തള്ളിയിരുന്നു. ഇവർ അഹമ്മദാബാദിൽ സ്ഥിരതാമസമാക്കിയ ആളാണെന്നും ഈ നിർദ്ദേശം അപ്രായോഗികമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടൽ. തുടർന്ന് സുധാ മേനോന് പകരമായി കെ.സി വിഭാഗം നിർദ്ദേശിച്ച ആർ. സനൽകുമാറിന്റെ പേരിൽ പിന്നീട് സമവായത്തിലെത്തുകയായിരുന്നു.

+ There are no comments

Add yours