റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ ഹൂതികൾ നടത്തിയ മിസൈലാക്രമണ ശ്രമം അറബ് സഖ്യസേന പരാജയപ്പെടുത്തി. റിയാദ് ലക്ഷ്യമാക്കി ഹൂതികൾ തൊടുത്തുവിട്ട രണ്ട് ക്രൂസ് മിസൈലുകൾ ലക്ഷ്യസ്ഥാനത്തെത്തും മുമ്പ് സഖ്യസേന ആകാശത്തുവെച്ച് തകർക്കുകയായിരുന്നു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് സഖ്യസേന വക്താവ് തുർക്കി അൽ-മാലികി അറിയിച്ചു.
ആക്രമണത്തിന് പിന്നാലെ യെമനിൽ സഖ്യസേന ശക്തമായ തിരിച്ചടി നൽകി. സന, ഹുദൈദ, അമ്രാൻ, സആദ എന്നീ ഗവർണറേറ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ വൻ വ്യോമാക്രമണത്തിൽ ഹൂതികളുടെ 60 സുപ്രധാന കേന്ദ്രങ്ങൾ സേന തകർത്തു. ബാലിസ്റ്റിക് മിസൈലുകൾ ഒളിപ്പിച്ചിരുന്ന മലയോര തുരങ്കങ്ങളും, ഡ്രോണുകൾ നിർമ്മിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന രഹസ്യ വർക്ക്ഷോപ്പുകളും പൂർണ്ണമായി തകർക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.
ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ശേഷികളും കടൽ വഴിയുള്ള ഭീഷണികളും ഇല്ലാതാക്കുകയായിരുന്നു ഈ സൈനിക നീക്കത്തിന്റെ പ്രധാന ലക്ഷ്യം. മേഖലയിലെ സമാധാനം തകർക്കാനുള്ള ഏത് നീക്കത്തെയും സൗദിയുടെ സുരക്ഷയ്ക്ക് നേരെയുണ്ടാകുന്ന ഭീഷണികളെയും ശക്തമായി നേരിടുമെന്ന് സഖ്യസേന വ്യക്തമാക്കി.




+ There are no comments
Add yours