‘യു.ഡി.എഫ് സ്തുതിപാടക സംഘമല്ല, മന്ത്രിസഭയിൽ തർക്കങ്ങളുണ്ടായിട്ടുണ്ട്’; തീരുമാനങ്ങൾ ഒറ്റക്കെട്ടായെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Estimated read time 0 min read

ന്യൂഡൽഹി: മന്ത്രിസഭാ യോഗത്തിൽ തർക്കങ്ങളുണ്ടായെന്ന് തുറന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭയിൽ നടന്നത് ജനാധിപത്യപരമായ ചർച്ചകളാണെന്നും, അഭിപ്രായ വ്യത്യാസങ്ങളുണ്ടായെങ്കിലും എല്ലാ കാര്യങ്ങളിലും തീരുമാനമെടുത്തത് ഏകാഭിപ്രായത്തോടെയാണെന്നും അദ്ദേഹം ഡൽഹിയിൽ വ്യക്തമാക്കി.

യു.ഡി.എഫ് ഒരു സ്തുതിപാടക സംഘമല്ലെന്നും, എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോക്കറ്റിൽ നിന്നെടുത്ത കടലാസ് അംഗീകരിക്കുന്ന രീതിയല്ല യു.ഡി.എഫിന്റേത്. ഇത് പിണറായി വിജയന്റെ ക്യാബിനറ്റ് അല്ല. ഏറ്റവും ചെറുപ്പക്കാരനായ മന്ത്രി ജനീഷ് കുമാറിന് പോലും തന്റെ മുഖത്ത് നോക്കി അഭിപ്രായം പറയാൻ ഇവിടെ സാധിക്കും. പി.എം ശ്രീ പദ്ധതിയിൽ ഒളിച്ചുപോയി ഒപ്പിട്ട ശേഷം ചേർന്ന ക്യാബിനറ്റായിരുന്നു പിണറായി വിജയന്റേതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

മന്ത്രിസഭയിൽ തർക്കമുണ്ടായെന്ന് അഭിമാനത്തോടെയാണ് പറയുന്നത്. ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞില്ലെങ്കിൽ ആ വിഷയം മാറ്റിവെക്കുകയാണ് പതിവ്. ടീം യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, പി.എസ്.സി അംഗങ്ങളുടെ പട്ടികയുമായി ബന്ധപ്പെട്ട് തർക്കമുണ്ടായോ എന്ന ചോദ്യത്തോട് മുഖ്യമന്ത്രി നേരിട്ട് പ്രതികരിച്ചില്ല. ലഭിച്ച പേരുകളെല്ലാം ശരിയാണെന്നും, പലരും പല രീതിയിൽ സംസാരിക്കുന്നത് ചിലപ്പോൾ തർക്കമായി തോന്നാമെന്നും അദ്ദേഹം വിശദീകരിച്ചു. പി.എസ്.സി അംഗങ്ങളെ പിരിച്ചുവിടണമെന്ന ഗവർണറുടെ നടപടി തെറ്റാണെങ്കിലും, അതിന്റെ മറവിൽ പ്രതിപക്ഷം അവരുടെ വീഴ്ചകൾ മറച്ചുവെക്കാൻ ശ്രമിക്കേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സർക്കാരിന്റെ ആദ്യ ആറ് മാസത്തെ നേട്ടങ്ങൾ അക്കമിട്ട് നിരത്തിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ രണ്ടെണ്ണം ഇതിനോടകം നടപ്പിലാക്കി. കേന്ദ്രസർക്കാരിൽ നിന്ന് അർഹമായ പരമാവധി ഫണ്ട് നേടിയെടുക്കാനാണ് സർക്കാരിന്റെ ശ്രമം. കഴിഞ്ഞ 100 ദിവസങ്ങൾക്കുള്ളിൽ 568 പദ്ധതികൾ പൂർത്തിയാക്കാൻ സാധിച്ചു. സഹാനുഭൂതിയോടെയുള്ള സദ്ഭരണമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും, വരും ആറ് മാസങ്ങളിൽ കൂടുതൽ വലിയ നേട്ടങ്ങൾ കൈവരിക്കാനാകുമെന്നും മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

+ There are no comments

Add yours