പൗരത്വം ലഭിക്കുന്നതിന് മുമ്പ് വോട്ടർ പട്ടികയിൽ പേര്; സോണിയാ ഗാന്ധിക്കെതിരായ ഹർജിയിൽ പോലീസിനോട് റിപ്പോർട്ട് തേടി കോടതി

Estimated read time 1 min read

ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുമ്പ് വോട്ടർ പട്ടികയിൽ പേരുൾപ്പെട്ടെന്ന പരാതിയിൽ മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ ഡൽഹി റോസ് അവന്യൂ കോടതി പോലീസിനോട് റിപ്പോർട്ട് തേടി. പരാതിയിൽ ഡൽഹി പോലീസ് സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിനോദ് ജോഷിയാണ് നിർദ്ദേശം നൽകിയത്.

അഡ്വ. വികാസ് ത്രിപാഠി 2025 ഓഗസ്റ്റ് 24-ന് നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി. 1983 ഏപ്രിലിലാണ് സോണിയാ ഗാന്ധിക്ക് ഔദ്യോഗികമായി ഇന്ത്യൻ പൗരത്വം ലഭിച്ചത്. എന്നാൽ, ഇതിന് മുൻപുള്ള 1980-ലെ വോട്ടർ പട്ടികയിൽ തന്നെ അവരുടെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഹർജിക്കാരന്റെ പ്രധാന ആരോപണം. ഇന്ത്യൻ പൗരത്വമില്ലാത്ത ഒരാൾ എങ്ങനെ രാജ്യത്തെ വോട്ടർ പട്ടികയിൽ ഇടംപിടിച്ചുവെന്ന് ഹർജിയിൽ ചോദിക്കുന്നു. ഇതിന് തെളിവായി 1980, 1981, 1983 വർഷങ്ങളിലെ വോട്ടർ പട്ടികയുടെ പകർപ്പുകളും കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു.

ആരോപണങ്ങളെ സാധൂകരിക്കുന്ന കൂടുതൽ രേഖകൾ സമർപ്പിക്കാൻ കഴിഞ്ഞ നവംബർ 11-ന് കോടതി ഹർജിക്കാരനോട് നിർദ്ദേശിച്ചിരുന്നു. കേസിൽ കോടതി നവംബർ 28-ന് വീണ്ടും വാദം കേൾക്കും.

+ There are no comments

Add yours