തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന എൽ.പി.എസ്.ടി (LPST) ഉദ്യോഗാർത്ഥികളുടെ സമരം അവസാനിപ്പിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് പുതിയ ഫോർമുല തയ്യാറാക്കി. തസ്തിക നഷ്ടപ്പെടുന്ന സർക്കാർ സ്കൂളുകളിൽ നിലവിലെ അധ്യാപക-വിദ്യാർത്ഥി അനുപാതമായ 1:30 എന്നത് 1:25 ആയി കുറച്ച് തസ്തിക നിലനിർത്താമെന്നാണ് പ്രധാന നിർദ്ദേശം. ഇതിന് പുറമെ, 150 കുട്ടികളെങ്കിലുമുള്ള സർക്കാർ സ്കൂളുകളിലെ പ്രധാനാധ്യാപകരെ ക്ലാസ് ചുമതലകളിൽ നിന്ന് ഒഴിവാക്കി അവിടെ പുതിയ തസ്തിക സൃഷ്ടിക്കാനും തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ, എല്ലാ സർക്കാർ സ്കൂളുകൾക്കും എയ്ഡഡ് സ്കൂളുകൾക്കും ഈ ഇളവുകൾ ബാധകമാകില്ല. ഡിവിഷൻ ഫാൾ ഉണ്ടാകുന്ന സാഹചര്യത്തിൽ തസ്തിക നിലനിർത്താൻ വേണ്ടി മാത്രമായിരിക്കും അനുപാതം കുറയ്ക്കുക. ഈ രണ്ട് നിർദ്ദേശങ്ങൾ നടപ്പിലാക്കുമ്പോൾ സർക്കാരിന് ഏകദേശം 50 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
സാമ്പത്തിക ബാധ്യതയുള്ള വിഷയമായതിനാൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെയും ധനവകുപ്പിന്റെയും അന്തിമ അംഗീകാരം അനിവാര്യമാണ്. വിദ്യാഭ്യാസ വകുപ്പ് ഇതിനോടകം ധനവകുപ്പിന് പ്രൊപ്പോസൽ കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രി കൂടി ഫോർമുല അംഗീകരിച്ചാൽ ഇന്ന് തന്നെ സമരക്കാരുമായി ചർച്ച നടത്തി സർക്കാർ തീരുമാനം അറിയിക്കാനാണ് നീക്കം. അതേസമയം, ഉപാധികളില്ലാതെ എല്ലാ സർക്കാർ സ്കൂളുകളിലും അനുപാതം കുറയ്ക്കണമെന്ന ആവശ്യം സമരസമിതി ഉന്നയിക്കാനും സാധ്യതയുണ്ട്.




+ There are no comments
Add yours