സംസ്ഥാനത്തെ പുതിയ മദ്യനയം ഉടൻ; കരട് മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് എക്സൈസ് മന്ത്രി എം. ലിജു

Estimated read time 0 min read

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം ഉടൻ പ്രഖ്യാപിക്കുമെന്ന് എക്സൈസ് മന്ത്രി എം. ലിജു അറിയിച്ചു. രണ്ടുമാസം നീണ്ട കൂടിയാലോചനകൾക്കൊടുവിൽ എക്സൈസ് വകുപ്പ് തയ്യാറാക്കിയ നയത്തിന്റെ കരട് ഉടൻ തന്നെ മുഖ്യമന്ത്രിക്ക് സമർപ്പിക്കും. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ശേഷം യു.ഡി.എഫ് യോഗത്തിൽ വിശദമായി ചർച്ച ചെയ്തായിരിക്കും മദ്യനയം ഔദ്യോഗികമായി പ്രഖ്യാപിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

മദ്യനിരോധന സമിതികൾ, മുൻ എക്സൈസ് മന്ത്രിമാർ, ബാർ ഉടമകൾ എന്നിവരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് കരട് തയ്യാറാക്കിയത്. പുതിയ ബിവറേജസ് (ബെവ്കോ) ഔട്ട്‌ലെറ്റുകൾ സംസ്ഥാനത്ത് അനുവദിക്കില്ലെങ്കിലും, നിലവിലുള്ളവയുടെ മുഖച്ഛായ മാറ്റുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ട്. ബാറുകളുടെ പ്രവർത്തന സമയം പുതുക്കി നിശ്ചയിക്കുന്നതിലും ഐ.ടി പാർക്കുകളിൽ ബാറുകൾ അനുവദിക്കുന്നതിലും പുതിയ നയത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകും. അതേസമയം, വീര്യം കുറഞ്ഞ മദ്യം വിൽക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകില്ല.

മദ്യനയത്തിന്റെ കരട് രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്ന മുൻ എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവുവിനെ നേരത്തെ തൽസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. സർക്കാരിന്റെ അറിവില്ലാതെ ബാർ ലൈസൻസുകൾ അനുവദിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു നടപടി.

+ There are no comments

Add yours