തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടപ്പെട്ട സി.പി.ഐ.എമ്മിൽ ഇപ്പോൾ ‘പിണറായിസം’ മാത്രമാണ് നിലനിൽക്കുന്നതെന്ന് ആരോപിച്ച് അന്തരിച്ച മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ എസ്.ആർ. വിനയകുമാർ പാർട്ടി ബന്ധം ഉപേക്ഷിക്കുന്നു. തിരുവനന്തപുരം കേശവദാസപുരം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം ഇത്തവണ പാർട്ടി അംഗത്വം പുതുക്കിയില്ല. തലശ്ശേരി മുൻ എം.എൽ.എ എം.വി. രാജഗോപാലൻ മാസ്റ്ററുടെ മകൻ കൂടിയാണ് അദ്ദേഹം.
പാർട്ടിയിൽ കുറേക്കാലമായി മറ്റ് കാര്യങ്ങളൊന്നും നടക്കുന്നില്ലെന്നും, മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിന് ചുറ്റുമുള്ള കേസുകളിൽ പ്രതിരോധം തീർക്കുക മാത്രമാണ് ഇപ്പോഴത്തെ പരിപാടിയെന്നും വിനയകുമാർ ആരോപിച്ചു. ‘പിണറായി വിജയൻ എന്നാൽ സി.പി.ഐ.എം, സി.പി.ഐ.എം എന്നാൽ പിണറായി വിജയൻ’ എന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്വീകരിക്കുന്നത്. അതിനാൽ തന്നെ പാർട്ടിയിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് യാതൊരു സ്ഥാനവുമില്ലാതായെന്നും അദ്ദേഹം വിമർശിച്ചു.
വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽസിന്റെ മുൻ എം.ഡിയായിരുന്നു വിനയകുമാർ. കഴിഞ്ഞ വർഷം (2023) ട്രിവാൻഡ്രം ക്ലബ്ബിൽ പണംവെച്ച് ചീട്ടുകളിച്ച സംഭവത്തിൽ ഇദ്ദേഹം ഉൾപ്പെടെ ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.




+ There are no comments
Add yours