ലഖ്‌നൗ: വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്ര നിർമ്മാണം പ്രധാന പ്രചാരണായുധമാക്കാൻ ബി.ജെ.പി. മഥുരയിൽ നടന്ന പാർട്ടിയുടെ ദ്വിദിന ചിന്തൻ ശിബിരത്തിൽ യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയാണ് കൃഷ്ണക്ഷേത്രം നിർമ്മിക്കുമെന്ന സുപ്രധാന പ്രഖ്യാപനം നടത്തിയത്.
അയോധ്യ നമ്മൾ വീണ്ടെടുത്തുവെന്നും ഇനി മഥുരയുടെ ഊഴമാണെന്നുമാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. കോടതി നടപടികളിലൂടെയോ സമവായ ചർച്ചകളിലൂടെയോ അയോധ്യ മാതൃകയിൽ മഥുരയിലും ക്ഷേത്രം നിർമ്മിക്കുമെന്നാണ് ബി.ജെ.പിയുടെ വാഗ്ദാനം. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് യഥാർത്ഥ കൃഷ്ണഭക്തനാണെങ്കിൽ ഇതിനായി മുന്നിട്ടിറങ്ങണമെന്നും, അത് ഒരുപക്ഷെ എസ്.പിയുടെ ചിഹ്നമായ ‘സൈക്കിൾ’ മുങ്ങാതെ രക്ഷിച്ചേക്കാമെന്നും മൗര്യ പരിഹസിച്ചു. മുൻപ് ഗുണ്ടകളും മാഫിയകളുമാണ് യു.പി ഭരിച്ചിരുന്നതെന്നും, ബി.ജെ.പി അധികാരത്തിൽ വന്നതോടെയാണ് സംസ്ഥാനത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഉപമുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി സമാജ്‌വാദി പാർട്ടിയും കോൺഗ്രസും രംഗത്തെത്തി. അയോധ്യയിലേതിന് സമാനമായി മഥുരയിലും അഴിമതി നടത്താനും ജനങ്ങളെ കുടിയൊഴിപ്പിക്കാനുമാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.




+ There are no comments
Add yours