ചെന്നൈ: തമിഴ്നാട്ടിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് കരിങ്കല്ല്, ജല്ലി, മണൽ, എം-സാൻഡ് തുടങ്ങിയ കെട്ടിട നിർമ്മാണ സാമഗ്രികൾ കൊണ്ടുപോകുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. തമിഴ്നാട് സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് ക്വാറി-ലോറി ഉടമകൾ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.എ. ധർമാധികാരി അധ്യക്ഷനായ ബെഞ്ചിന്റെ നിർണായക ഉത്തരവ്.
തമിഴ്നാടിന്റെ ആഭ്യന്തര ആവശ്യങ്ങൾ വർദ്ധിച്ചതും അനധികൃത ഖനനം തടയുന്നതും ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂലൈ ഒമ്പതിനാണ് സർക്കാർ ഈ സാമഗ്രികളുടെ അന്തർസംസ്ഥാന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി വിജ്ഞാപനമിറക്കിയത്. ഈ വിലക്ക് കേരളത്തിലെ ദേശീയപാതാ നിർമ്മാണം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ സാരമായി ബാധിച്ചിരുന്നു.
കേരളത്തിലേക്ക് പ്രധാനമായും നിർമ്മാണ സാമഗ്രികൾ എത്തിയിരുന്ന തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി എന്നീ ജില്ലകളിൽ നിന്നുള്ള പാറകളുടെയും മെറ്റലിന്റെയും വരവ് വിലക്കിനെ തുടർന്ന് ഗണ്യമായി കുറഞ്ഞിരുന്നു. ഇത് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ പുതിയ ഉത്തരവ് കേരളത്തിലെ നിർമ്മാണ മേഖലയ്ക്ക് വലിയ ആശ്വാസമാകും.




+ There are no comments
Add yours