ഉദ്യോഗസ്ഥരെ കാത്തിരുന്ന് മടുത്തു; കൃഷിയിടത്തിലെ കുളത്തിലിറങ്ങിയ മുതലയെ സാഹസികമായി പിടികൂടി യുവതി

Estimated read time 0 min read

ജബൽപൂർ: വിവരമറിയിച്ചിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ എത്താതിരുന്നതിനെ തുടർന്ന് കൃഷിയിടത്തിൽ ഭീഷണിയായ മുതലയെ സ്വയം പിടികൂടി യുവതി. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. നാലടി നീളമുള്ള മുതലയെ തന്ത്രപൂർവ്വം കെണിവെച്ച് പിടികൂടിയ ശേഷം യുവതി നേരിട്ട് വനംവകുപ്പ് ഓഫീസിലെത്തി കൈമാറുകയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഖമാരിയ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സുൻപൂർ ഘാന ഗ്രാമത്തിലാണ് യുവതിയും കർഷകനായ ഭർത്താവും താമസിക്കുന്നത്. വന്യമൃഗശല്യം രൂക്ഷമായ ഇവിടെ, തങ്ങളുടെ കൃഷിയിടത്തിലെ കുളത്തിൽ മുതലയെ കണ്ടയുടൻ ഇവർ വനംവകുപ്പിനെ വിവരമറിയിച്ചിരുന്നു. ഏറെ നേരം കാത്തിരുന്നിട്ടും ഉദ്യോഗസ്ഥർ എത്താത്തതിനെ തുടർന്നാണ് ധൈര്യം സംഭരിച്ച് മുതലയെ കുരുക്കാൻ ഇരുവരും തീരുമാനിച്ചത്.

സംഭവത്തിൽ വനംവകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ പ്രദേശവാസികൾക്കിടയിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. അതേസമയം, കൃത്യമായ പരിശീലനമില്ലാതെ വന്യമൃഗങ്ങളെ പിടികൂടാൻ ശ്രമിച്ചത് വലിയ അപകടം വിളിച്ചുവരുത്തുന്ന പ്രവൃത്തിയാണെന്ന് ചൂണ്ടിക്കാട്ടി യുവതിയെയും ഭർത്താവിനെയും വിമർശിക്കുന്നവരുമുണ്ട്. എന്തായാലും ഇവരുടെ ഈ സാഹസിക പ്രവൃത്തി സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വലിയ കൗതുകം സൃഷ്ടിച്ചിരിക്കുകയാണ്.

+ There are no comments

Add yours