കേപ് വെർദെയിൽ ഹോസെ മരിയ നെവസിന് തുടർഭരണം; ആദ്യ റൗണ്ടിൽ 64 ശതമാനം വോട്ട് നേടി ഉജ്ജ്വല വിജയം

Estimated read time 1 min read

പശ്ചിമ ആഫ്രിക്കൻ ദ്വീപ് രാഷ്ട്രമായ കേപ് വെർദെയുടെ പ്രസിഡന്റായി ഇടതുപക്ഷ നേതാവ് ഹോസെ മരിയ നെവസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പോൾ ചെയ്ത വോട്ടിന്റെ 64 ശതമാനവും നേടിയാണ് അദ്ദേഹം തുടർച്ചയായ രണ്ടാം തവണയും അധികാരമുറപ്പിച്ചത്.

പ്രതിപക്ഷമായ ‘മൂവ്‌മെന്റ് ഫോർ ഡെമോക്രസി’ പാർട്ടിയുടെ സ്ഥാനാർഥിയും മുൻ നീതിന്യായ മന്ത്രിയുമായ ജോവാന റോസ ഉൾപ്പെടെ അഞ്ച് എതിരാളികളെയാണ് ആദ്യ റൗണ്ടിൽ തന്നെ നെവസ് പരാജയപ്പെടുത്തിയത്. പ്രധാന എതിരാളിയായ ജോവാന റോസയ്ക്ക് 31.4 ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത്.

രാഷ്ട്രീയ-സാമൂഹിക വേർതിരിവുകളില്ലാതെ മുഴുവൻ പൗരന്മാർക്കും വേണ്ടി പ്രവർത്തിക്കുമെന്ന് വിജയത്തിന് പിന്നാലെ ദേശീയ ടെലിവിഷനിലൂടെ അദ്ദേഹം പ്രഖ്യാപിച്ചു. ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും വേതനം വർദ്ധിപ്പിക്കുന്നതിനും ഭരണത്തിൽ മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുപക്ഷ കക്ഷിയായ ‘ആഫ്രിക്കൻ പാർട്ടി ഫോർ ദി ഇൻഡിപെൻഡൻസ് ഓഫ് കേപ് വെർദെ’യുടെ (PAICV) നേതാവായ നെവസ്, 2021-ലാണ് ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മുൻപ് 2001 മുതൽ 2016 വരെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഏകദേശം 5.4 ലക്ഷം മാത്രം ജനസംഖ്യയും 4,033 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവുമുള്ള കൊച്ചു രാജ്യമാണ് കേപ് വെർദെ. ഇക്കഴിഞ്ഞ ലോകകപ്പ്‌ ഫുട്‌ബോളിൽ മുൻനിര രാജ്യങ്ങൾക്കുമേൽ അട്ടിമറി വിജയം നേടിയതോടെയാണ് ഈ രാജ്യം കായികലോകത്തും ശ്രദ്ധയാകർഷിച്ചത്.

+ There are no comments

Add yours