ഓർമശക്തി കൂട്ടാൻ ദിവസവും ഒരുപിടി കപ്പലണ്ടി; തലച്ചോറിന്റെ ആരോഗ്യത്തിന് മികച്ചതെന്ന് പുതിയ പഠനം

Estimated read time 1 min read

ദിവസവും കപ്പലണ്ടി (നിലക്കടല) കഴിക്കുന്നത് പ്രായമായവരിൽ ഓർമശക്തിയും തലച്ചോറിന്റെ ആരോഗ്യവും ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം. നെതർലൻഡ്‌സിലെ മാസ്ട്രിക്റ്റ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച കണ്ടെത്തലുകൾ നടത്തിയത്. ‘ഫുഡ് ആൻഡ് ഫംഗ്ഷൻ’ (Food and Function) എന്ന ശാസ്ത്ര ജേണലിലാണ് പഠനവിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഉപ്പില്ലാതെ, തൊലിയോടുകൂടി വറുത്ത നിലക്കടല പതിവായി കഴിക്കുന്നത് തലച്ചോറിലെ ഓർമയുമായി ബന്ധപ്പെട്ട ഭാഗങ്ങളിൽ ഇൻസുലിനോടുള്ള പ്രതികരണശേഷി മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് പ്രധാന കണ്ടെത്തൽ. 60-നും 75-നും ഇടയിൽ പ്രായമുള്ള 31 പേരിലാണ് ഗവേഷകർ പഠനം നടത്തിയത്. ഇവർ 16 ആഴ്ചയോളം ദിവസവും 60 ഗ്രാം വീതം കപ്പലണ്ടി കഴിച്ചു. തുടർന്ന് നടത്തിയ എം.ആർ.ഐ (MRI) പരിശോധനയിൽ ഹിപ്പോകാമ്പസ്, പാരാഹിപ്പോകാമ്പൽ ഗൈറസ്, ലിംഗ്വൽ ഗൈറസ് തുടങ്ങിയ മസ്തിഷ്ക ഭാഗങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ പ്രകടമായി.

ഇതേ ഗവേഷകസംഘം 2025-ൽ നടത്തിയ പഠനത്തിലും കപ്പലണ്ടിയുടെ സമാനമായ ഗുണഫലങ്ങൾ കണ്ടെത്തിയിരുന്നു. 16 ആഴ്ച പതിവായി നിലക്കടല കഴിച്ചവരിൽ തലച്ചോറിലേക്കുള്ള മൊത്തത്തിലുള്ള രക്തയോട്ടം 3.6 ശതമാനവും, വാക്കുകളുമായി ബന്ധപ്പെട്ട ഓർമശേഷി 5.8 ശതമാനവും വർധിച്ചതായാണ് അന്ന് വ്യക്തമായത്.

അതേസമയം, കപ്പലണ്ടി സ്ഥിരമായി കഴിക്കുന്നത് അൽഷിമേഴ്‌സ് രോഗത്തെ തടയുമെന്നോ വാർദ്ധക്യസഹജമായ ഓർമക്കുറവ് പൂർണ്ണമായി ഒഴിവാക്കുമെന്നോ പഠനം അവകാശപ്പെടുന്നില്ല. ചെറിയൊരു വിഭാഗം ആളുകളിൽ മാത്രം നടത്തിയ പരീക്ഷണമായതിനാൽ, ഈ കണ്ടെത്തലുകൾ ശാസ്ത്രീയമായി ഉറപ്പിക്കാൻ കൂടുതൽ വിപുലമായ ഗവേഷണങ്ങൾ ആവശ്യമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

+ There are no comments

Add yours