അഖിലേന്ത്യാ കിസാൻ സഭയുടെ (AIKS) 36-ാമത് ദേശീയ സമ്മേളനം മൂന്നാം ദിനത്തിലേക്ക് കടന്നു. പ്രതിനിധി സമ്മേളനവും ഇതിനോടനുബന്ധിച്ചുള്ള ചർച്ചകളും ഇന്നും തുടരും. കഴിഞ്ഞ ദിവസം സമ്മേളനത്തിൽ സുപ്രധാനമായ രണ്ട് പ്രമേയങ്ങൾ ഐക്യകണ്ഠേന പാസാക്കിയിരുന്നു.
ഐതിഹാസികമായ കർഷക സമരത്തിന്റെ ആറാം വാർഷികമായ നവംബർ 26-ന് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ സമ്മേളനം തീരുമാനിച്ചു. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളായ സ്വതന്ത്ര വ്യാപാര കരാർ (Free Trade Agreement) പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, ലേബർ കോഡുകൾ പിൻവലിക്കുക, എസ്.ഐ.ആർ റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്രമേയം മുതിർന്ന നേതാവ് ഹനൻ മോല്ലയാണ് അവതരിപ്പിച്ചത്. നവംബർ 26-ലെ രാജ്യവ്യാപക പ്രതിഷേധത്തിന് കൂടുതൽ കരുത്ത് പകരണമെന്ന് രാകേഷ് ടിക്കായത്ത് ഉൾപ്പെടെയുള്ള സംയുക്ത കിസാൻ മോർച്ച നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു ലക്ഷത്തിലധികം കർഷകരെ അണിനിരത്തിയുള്ള മഹാറാലിയോടെ ഈ മാസം 15-നാണ് സമ്മേളനത്തിന് തുടക്കമായത്. നാളെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതോടെ ദേശീയ സമ്മേളനത്തിന് കൊടിയിറങ്ങും.




+ There are no comments
Add yours