ജിത്തു മാധവൻ സംവിധാനം ചെയ്ത പുതിയ സൂര്യ ചിത്രം ‘സീൻ’ ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് വെറും മൂന്ന് ദിവസംകൊണ്ടാണ് ചിത്രം ആഗോളതലത്തിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുന്നത്. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ജിത്തു മാധവൻ ഒരുക്കുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണിത്. മലയാളി താരങ്ങളായ നസ്രിയ നസീം, നസ്ലൻ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
സാക്നിക്കിന്റെ കണക്കുകൾ പ്രകാരം ആദ്യ മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ 116.65 കോടി രൂപയാണ് ചിത്രത്തിന്റെ ആഗോള കളക്ഷൻ. ആദ്യ വാരാന്ത്യത്തിൽ തന്നെ ഇത് 120 കോടി പിന്നിടുമെന്നാണ് കണക്കുകൂട്ടൽ. റിലീസായ ആദ്യ രണ്ട് ദിവസങ്ങളിൽ മാത്രം ഇന്ത്യയിൽ നിന്ന് 45.90 കോടിയും വിദേശത്തുനിന്ന് 33.75 കോടിയും (ആകെ 79.65 കോടി) നേടിയിരുന്നു. വെള്ളിയാഴ്ച 22.25 കോടിയും ശനിയാഴ്ച 23.65 കോടിയും നേടിയ ചിത്രം ഞായറാഴ്ച 21.75 കോടി രൂപ കൂടി ഇന്ത്യയിൽ നിന്നും സ്വന്തമാക്കി. തിയേറ്ററുകളിലെ ഒക്യുപൻസി 55 ശതമാനത്തിൽ നിന്ന് 62.5 ശതമാനമായി ഉയർന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. ആദ്യ രണ്ട് ദിവസത്തെ ആകെ കളക്ഷന്റെ 42.4 ശതമാനവും വിദേശ വിപണികളിൽ നിന്നാണ്.
കേരളത്തിലും ചിത്രത്തിന് ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. ആദ്യ രണ്ട് ദിവസങ്ങളിൽ കേരളത്തിൽ നിന്ന് മാത്രം 10.50 കോടി രൂപ നേടാൻ ‘സീനി’നായി. സൂര്യയുടെ മുൻ ചിത്രങ്ങളായ ‘കറുപ്പ്’ (13.07 കോടി), ‘വിശ്വനാഥ് ആന്റ് സൺസ്’ (8.19 കോടി) എന്നിവയുടെ കേരളത്തിലെ ലൈഫ് ടൈം കളക്ഷൻ വെറും മൂന്ന് ദിവസങ്ങൾ കൊണ്ട് തന്നെ ഈ ചിത്രം മറികടന്നു. 2026-ൽ തിയേറ്ററുകളിലെത്തി വൻവിജയം നേടുന്ന സൂര്യയുടെ മൂന്നാമത്തെ ചിത്രം കൂടിയായി ‘സീൻ’ മാറിയിരിക്കുകയാണ്.




+ There are no comments
Add yours