ദീപാവലി ദിനത്തിൽ തമിഴ്നാട്ടിൽ ഞെട്ടിക്കുന്ന ഒൻപത് കൊലപാതകങ്ങൾ; മരിച്ചവരിൽ പൊലീസുകാരനും, വിജയ് കണ്ണ് തുറക്കണമെന്ന് ഡിഎംകെ

Estimated read time 0 min read

ചെന്നൈ: ദീപാവലി ദിനത്തിൽ തമിഴ്‌നാട്ടിൽ പൊലീസ് ഉദ്യോഗസ്ഥനടക്കം ഒൻപത് പേർ കൊല്ലപ്പെട്ടു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി നടന്ന അക്രമസംഭവങ്ങളിൽ രണ്ട് പതിനേഴുകാരും ഒരു ഇരുപതുകാരനും ഉൾപ്പെടുന്നു.

തിരുച്ചിറപ്പള്ളിയിൽ മൂന്നും ശിവഗംഗയിൽ രണ്ടും കൊലപാതകങ്ങൾ നടന്നപ്പോൾ ചെന്നൈ, പെരമ്പല്ലൂർ, കടലൂർ, തേനി എന്നിവിടങ്ങളിൽ ഓരോ കൊലപാതകങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. തേനിയിൽ ഗതാഗതം തടസ്സപ്പെടുത്തിയുള്ള ദീപാവലി റീൽസ് ചിത്രീകരണം ചോദ്യംചെയ്ത പൊലീസ് ഉദ്യോഗസ്ഥനെയാണ് അക്രമികൾ മർദ്ദിച്ചുകൊലപ്പെടുത്തിയത്. കടലൂരിലും ശിവഗംഗയിലും കൊല്ലപ്പെട്ടത് ഗുണ്ടാ നേതാക്കളാണ്.

തിരുച്ചിറപ്പള്ളിയിൽ ധനലക്ഷ്മി ശ്രീനിവാസൻ സർവകലാശാല ക്യാംപസിന് സമീപമുള്ള കനാലിനടുത്ത് വെച്ച് സമയപുരം സ്വദേശികളായ രാഹുൽ (17), ആർ. വിശാൽ (17) എന്നിവരെ ആയുധങ്ങളുമായെത്തിയ അജ്ഞാതസംഘം വെട്ടിക്കൊലപ്പെടുത്തി. കൊലപാതക കാരണം വ്യക്തമല്ലെന്നും, അന്വേഷണത്തിനായി എസ്.പി ഡോംഗരെ പ്രവീൺ ഉമേഷിന്റെ നേതൃത്വത്തിൽ മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായും പൊലീസ് അറിയിച്ചു. ഇതിന് പുറമെ പുരത്തുകുടിയിൽ പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ക്രിസ്റ്റഫർ (20) എന്ന യുവാവും കുത്തേറ്റുമരിച്ചു.

തുടർച്ചയായ ഈ കൊലപാതകങ്ങൾക്ക് പിന്നാലെ തമിഴ്നാട്ടിൽ ക്രമസമാധാനം പൂർണ്ണമായും തകർന്നുവെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. ക്രമസമാധാന തകർച്ചയിൽ മുഖ്യമന്ത്രി വിജയ് കണ്ണ് തുറക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു.

+ There are no comments

Add yours