തിരുവനന്തപുരം: സംസ്ഥാനത്ത് ജിഎൻഎ (GNA) വൈദ്യുതി കരാർ തൽക്കാലം ഉണ്ടാകില്ലെന്നും നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി പ്രതിസന്ധിയോ പവർകട്ടോ ഉണ്ടാകില്ലെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി. കെ.എസ്.ഇ.ബി ചെയർമാനും ഊർജ സെക്രട്ടറിയും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വരും മാസങ്ങളിലേക്കുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ട് പോകാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.
നേരത്തെ, നവംബറിൽ സംസ്ഥാനത്ത് പവർകട്ട് വേണ്ടിവരുമെന്ന് മുൻ ചെയർമാൻ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാൽ നവംബറിൽ പ്രതിസന്ധിയുണ്ടെന്ന റിപ്പോർട്ട് വന്നതെങ്ങനെയെന്നും, തന്നെ തെറ്റിദ്ധരിപ്പിക്കാനിടയായ സാഹചര്യം എന്താണെന്നും പരിശോധിക്കാൻ മുഖ്യമന്ത്രി പുതിയ ഊർജ സെക്രട്ടറിക്കും കെ.എസ്.ഇ.ബി ചെയർമാനും നിർദ്ദേശം നൽകി. എം.ജി രാജമാണിക്യത്തിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. മുഖ്യമന്ത്രിയിൽ സമ്മർദ്ദം ചെലുത്തി ഹിമാചൽ വൈദ്യുതി വാങ്ങാൻ ശ്രമം നടന്നോ എന്ന സംശയവും ഇതിനു പിന്നിലുണ്ട്.
അതേസമയം, കുറഞ്ഞ ചെലവിൽ വൈദ്യുതി ലഭ്യമാക്കുന്ന എൻടിപിസി സിന്നാർ കരാർ ഉടൻ ഒപ്പിടാൻ കെ.എസ്.ഇ.ബിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. കരാർ ഒപ്പിടുന്നതിൽ അമാന്തം കാണിച്ച നടപടിയിൽ അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി. മുഖ്യമന്ത്രി വി.ഡി സതീശനും വൈദ്യുതിമന്ത്രി സണ്ണി ജോസഫും ഡൽഹിയിലെത്തി എൻടിപിസി ചെയർമാനുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാമെന്ന വാഗ്ദാനം സംസ്ഥാനത്തിന് ലഭിച്ചത്.




+ There are no comments
Add yours