കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിലെ വിധി പ്രസ്താവം വൈകും. കേസ് പരിഗണിക്കുന്നത് നവംബർ 16-ലേക്ക് കോടതി മാറ്റി. അന്നേദിവസമായിരിക്കും വിധി പറയുന്ന തീയതി പ്രഖ്യാപിക്കുക. നേരത്തെ 12-ന് വിധി പറയുമെന്നായിരുന്നു അറിയിച്ചിരുന്നത്. കൊച്ചി സിബിഐ സ്‌പെഷ്യൽ കോടതി (3) ജഡ്ജി പി. ശബരിനാഥിന്റെ മുമ്പാകെയാണ് കേസിന്റെ നടപടികൾ നടക്കുന്നത്.
സിപിഐഎം നേതാക്കളായ പി. ജയരാജൻ, ടി.വി രാജേഷ് എന്നിവരുൾപ്പെടെ 33 പേരാണ് കേസിലെ പ്രതികൾ. ഇതിൽ രണ്ടുപേർ മരണപ്പെട്ടതിനാൽ 31 പേരാണ് വിചാരണ നേരിട്ടത്. 2025 മെയ് അഞ്ചിന് ആരംഭിച്ച വിചാരണ 17 മാസം നീണ്ടുനിന്നു. ഇതിനിടെ 41 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.
2012 ഫെബ്രുവരി 20-നാണ് എം.എസ്.എഫ് പ്രാദേശിക പ്രവർത്തകനായ ഷുക്കൂർ ചെറുകുന്ന് കീഴറയിൽ വെച്ച് കൊല്ലപ്പെട്ടത്. പട്ടുവം അരിയിൽ പ്രദേശത്തുണ്ടായ രാഷ്ട്രീയ സംഘർഷത്തിൽ പരിക്കേറ്റയാളെ സന്ദർശിക്കാൻ പോയ അന്നത്തെ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി രാജേഷും സഞ്ചരിച്ച വാഹനം പട്ടുവത്തുവെച്ച് യൂത്ത് ലീഗ് പ്രവർത്തകർ ആക്രമിച്ചിരുന്നു. ഈ സംഭവത്തിൽ പങ്കെടുത്തെന്നാരോപിച്ചാണ് മണിക്കൂറുകൾക്കകം ഷുക്കൂറിനെ കൊലപ്പെടുത്തിയത്.
വാഹനം ആക്രമിക്കപ്പെട്ടതിന് പിന്നാലെ നേതാക്കളെ പ്രവേശിപ്പിച്ച തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചാണ് പ്രാദേശിക നേതാക്കൾ കൊലപാതകം ആസൂത്രണം ചെയ്തതെന്നും, ഇക്കാര്യം ജയരാജനും രാജേഷിനും അറിയാമായിരുന്നെന്നുമാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.




+ There are no comments
Add yours