‘മൂന്ന് കോടി ചോദിച്ച് നടി ഭീഷണിപ്പെടുത്തി, വാട്സ്ആപ്പ് ചാറ്റുകളുണ്ട്’; ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യഹർജി നൽകി ഡോ. ജോൺസൺ കെ വർഗീസ്

Estimated read time 0 min read

കൊച്ചി: ബലാത്സംഗ കേസിൽ തനിക്കെതിരെ ഉയർന്നത് കെട്ടിച്ചമച്ച ആരോപണങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ഡോ. ജോൺസൺ കെ വർഗീസ് മുൻകൂർ ജാമ്യഹർജി നൽകി. പരാതിക്കാരിയുടെ കുടുംബ ഡോക്ടറാണ് താനെന്നും, അവർ ദീർഘകാലമായി തന്റെ കീഴിൽ ചികിത്സയിലാണെന്നും ഹർജിയിൽ പറയുന്നു. ഇവരുമായി തനിക്ക് അടുത്ത സൗഹൃദമാണുള്ളതെന്നും ഡോക്ടർ വ്യക്തമാക്കുന്നു.

പരാതിക്കാരിയുടെ ബന്ധുവായ നടിക്കെതിരെയും ഡോക്ടർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. നടി പണം തട്ടാൻ ശ്രമിച്ചെന്നും, കടവന്ത്രയിലെ ഫ്ലാറ്റിൽ വെച്ച് തന്നെ കെട്ടിയിട്ട് നഗ്നനാക്കി വീഡിയോ ചിത്രീകരിച്ചെന്നും ഡോക്ടർ ആരോപിക്കുന്നു. ഈ വീഡിയോ വെച്ച് മൂന്ന് കോടി രൂപയാണ് നടി ആവശ്യപ്പെട്ടത്. പണം ആവശ്യപ്പെടുന്നതിന്റെ വാട്സ്ആപ്പ് ചാറ്റുകൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറയുന്നു.

തന്നെ മർദ്ദിച്ചതിന് പോലീസിൽ പരാതി നൽകിയതിലുള്ള വിരോധമാണ് ഈ പീഡന പരാതിക്ക് പിന്നിലെന്നാണ് ഡോക്ടറുടെ വാദം. രണ്ടുപേരും ഒന്നിച്ച് മദ്യപിച്ച ശേഷം ഹോട്ടൽ മുറിയിൽ പോയത് എങ്ങനെ പീഡനമാകുമെന്നും അദ്ദേഹം ചോദിക്കുന്നു.

അതേസമയം, കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ ഡോക്ടർ വിദേശത്തേക്ക് കടന്നതായാണ് പോലീസ് സംശയിക്കുന്നത്. ഇയാളെ കണ്ടെത്താനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.

+ There are no comments

Add yours